നാല് തവണ എംഎൽഎയായ ബിആർഎസ് നേതാവിന്റെ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി; ജർമൻ പൗരത്വം മറച്ചുവെച്ചതിനാണ് നടപടി
ഒരു മുൻ നിയമസഭാംഗത്തിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമാണിത്
ഹൈദരാബാദ്: നാല് തവണ എംഎൽഎയായ ബിആർഎസ് നേതാവിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി. ജർമൻ പൗരൻ ആയിരിക്കെ വ്യാജരേഖ ചമച്ച് ചെന്നമനേനി രമേശ് എന്ന ബിആർഎസ് നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംഭവത്തിലാണ് നടപടി. ജർമ്മൻ പൗരത്വത്തെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെച്ചതിനും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതി 30 ലക്ഷം രൂപ പിഴ വിധിച്ചു. ഒരു മുൻ നിയമസഭാംഗത്തിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമാണിത്.
കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ നടപടി. 2009, 2010, 2014, 2018 വർഷങ്ങളിൽ രമേശിനെതിരെ മത്സരിച്ച് തോറ്റയാളാണ് ആദി ശ്രീനിവാസ്. പൗരത്വം ഇല്ലാതെ 2009 മുതൽ വെമുലവാഡയിൽ നിന്ന് നാല് തവണ എംഎൽഎ ആയ രമേശിന്റെ നടപടി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനുള്ള യഥാർത്ഥ ഇന്ത്യൻ പൗരന്മാരുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡി വിധിയിൽ ചൂണ്ടിക്കാട്ടി. ജർമൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്‌ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ജർമൻ പൗരനാണെന്ന് ചൂണ്ടിക്കാട്ടി ബിആർഎസ് നേതാവിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും കോടതി ശരിവെച്ചു.
1990 കളിൽ ജർമ്മനിയിൽ സ്ഥിരതാമസമാക്കി ചെന്നമനേനി രമേശ് ഒരു ജർമൻ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും കുട്ടികളുമുണ്ട്. നിയമപ്രകാരം ഇന്ത്യൻ പൗരൻ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും സാധിക്കില്ല.