തരൂരിന് തെലങ്കാനയിൽ തിരിച്ചടി; നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് പി.സി.സി
ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെലങ്കാന പി.സി.സി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിക്ക് തെലങ്കാനയിൽ തിരിച്ചടി. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി.സി.സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ചിന്താ മോഹന്‍ ഉള്‍പ്പെടെയുള്ളവരാണ് ആവശ്യം ഉന്നയിച്ചത്.
തരൂർ ഇന്നലെ നടത്തിയ പ്രചാരണ പരിപാടിയിൽ നിന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണയുമായി തെലങ്കാന പ്രതിപക്ഷ നേതാവ് കുണ്ടുരു ജന റെഡ്ഡി, പ്രതിപക്ഷ ഉപനേതാവ് മല്ലു ഭട്ടി വിക്രമാര്‍ക അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലെത്തി തരൂര്‍ അതിവേഗം പ്രചാരണം നടത്തുന്നുണ്ടെങ്കിലും പി.സി.സികള്‍ അതിനു വേണ്ട പിന്തുണ നല്‍കുന്നില്ലെന്ന് തെളിയിക്കുന്നതാണിത്. നേരത്തെ തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെലങ്കാന പി.സി.സി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മത്സരത്തില്‍ നിന്നും പിന്‍മാറണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ് ഉണ്ടായത്. ഇന്ന് തിരുവനന്തപുരത്താണ് തരൂര്‍ ഉള്ളത്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.
ഒരോ ദിവസം ഓരോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ശശി തരൂരിന്റെ പ്രചരണം. ഇന്ന് തിരുവനന്തപുരത്തുള്ള തരൂർ കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാറ്റമാഗ്രഹിക്കുന്നവർ തനിക്ക് വോട്ടുചെയ്യണമെന്നാണ് തരൂരിന്റെ അഭ്യർഥന. പ്രചരണ പരിപാടികളിലെ യുവാക്കളുടെ സാന്നിധ്യം മാറ്റത്തിന്റെ സൂചനയാണെന്നാണ് തരൂർ പറയുന്നത്. യുവാക്കളുടെ പിന്തുണ തനിക്കാണെന്നും തരൂർ പറയുന്നു.
അതേസമയം, പി.സി.സികള്‍ പൊതുവെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തിൽ ഫോണിലൂടെ പ്രധാന നേതാക്കളെ ബന്ധപ്പെടുകയാണ് ഖാർഗെ. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇന്നലെ മാർഗരേഖ പുറത്തിറക്കിയതിനാൽ സ്ഥാനാർഥികളുടെയും പിന്തുണയ്ക്കുന്ന നേതാക്കളുടെയും ഇനിയുള്ള നീക്കങ്ങൾ സുപ്രധാനമാണ്.
കൃത്യമായി നേതൃത്വത്തെ വിമർശിച്ചു കൊണ്ടാണ് തരൂരിന്റെ പ്രചാരണം. ഇതിനു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ദുഷ്പ്രചരണം നടത്തരുത് എന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ഇത്തരം നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കും. സ്ഥാനാർഥികൾ വോട്ടർമാരുടെ യോഗം വിളിച്ചാൽ പി.സി.സി അധ്യക്ഷന്മാർ സൗകര്യം ഒരുക്കണം.
പി.സി.സി അധ്യക്ഷമാൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം. പദവികളിൽ ഇരുന്ന് സ്ഥാനാർഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുത്. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.