2.17 കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കാനൊരുങ്ങി കേന്ദ്രം, 2.26 ലക്ഷം മൊബൈൽ ഫോണുകളെയും വിലക്കും; കാരണമിതാണ്

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് കണ്ടെത്തിയിരിക്കുന്നത്

Update: 2024-09-30 09:43 GMT
Advertising

ന്യൂഡൽഹി: വ്യാജരേഖകളിലൂടെ സ്വന്തമാക്കിയതും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതുമായ 2.17 കോടി മൊബൈൽ കണക്ഷനുകൾ റദ്ദാക്കാനൊരുങ്ങി കേന്ദ്രം. സമാനമായ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 2.26 ലക്ഷം മൊബൈൽ ഫോണുകളും​ ​​കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ​​േബ്ലാക്ക് ചെയ്യും. ഇത് സംബന്ധിച്ച രേഖകൾ മന്ത്രാലയം കേന്ദ്രത്തിന്റെ ഉന്നതതല ഇന്റർ മിനിസ്റ്റീരിയൽ പാനലിനെ അറിയിച്ചു. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ പ​ങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടെലിക്കമ്യൂണിക്കേഷൻ മന്ത്രാലയം തട്ടിപ്പിന്റെ വിവരങ്ങൾ പങ്കു​വെച്ചു. 5,000-ത്തിലധികം ഇന്ത്യക്കാരെ സൈബർ തട്ടിപ്പുകൾ നടത്താൻ കംബോഡിയയിൽ തടവിലാക്കിയതിനെ പറ്റിയുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് വൻതട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. ആറ് മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാരിൽ നിന്ന് 500 ​കോടി തട്ടിയെന്നും അന്വേഷണത്തിൽ ക​ണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ തട്ടിപ്പുകൾ പരിശോധിക്കുന്നതിനും തടയിടാനും കേ​ന്ദ്രം മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന ബാങ്കിംഗ്, ഇമിഗ്രേഷൻ, ടെലികോം മേഖലകളിലെ പഴുതുകൾ ക​ണ്ടെത്താൻ സമിതിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ സൈബർതട്ടിപ്പുകളെ പറ്റിയുള്ള വിശദമായ വിവരങ്ങൾ പങ്കുവെച്ചെന്നാണ് വിവരം. സിം നൽകുമ്പോൾ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ഫലപ്രദമായി നടപ്പിലാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ രേഖകളിലെടുത്തതും സാമ്പത്തിക തട്ടിപ്പുകളടക്കം സൈബർ കുറ്റക്യത്യങ്ങളുമായി ബന്ധ​മുള്ളതെന്നും കണ്ടെത്തിയ 2.17 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചത്. ഇതിനൊപ്പം 2.26 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകളും ബ്ലോക്ക് ചെയ്തെന്നും അധികൃതർ വെളിപ്പെടുത്തി.

വിദേശത്ത് ഉപയോഗിക്കുന്ന ഇന്ത്യൻ നമ്പരിൽ നിന്ന് വരുന്ന എല്ലാ അന്താരാഷ്ട്ര സ്പൂഫ് കോളുകളും തടയാൻ മെയ് മാസത്തിൽ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിരുന്നു. ഇത്തരത്തിൽ 35 ശതമാനം ഇൻകമിംഗ് സ്പൂഫ് കാളുകൾക്ക് വിലക്കേർപ്പെടുത്തിയെന്നും ഡിസംബർ 31 നകം ഇത് പൂർണ്ണമായും നടപ്പാക്കുമെന്നാണ് വിവരം.

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ചില രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് വലിയ തട്ടിപ്പ് നടക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഹോങ് കോങ്, കമ്പോഡിയ, ലാവോസ്, ഫിലിപ്പൈൻസ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് സംഘമാണ് പ്രവർത്തിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരത്തിൽ ആറ് ലക്ഷം സിമ്മുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സിം വിൽക്കുന്ന ഏജന്റുമാരുടെ സഹായത്തോടെയാണ് വ്യാജ രേഖകളിൽ സിം നൽകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏജന്റുമാർക്കെതിരെ നടപടിയെടുക്കാൻ ​എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നടത്തിയ അന്വേഷണത്തിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് കണ്ടെത്തി. തട്ടിപ്പിന്റെ 45 ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ്. 2023 ജനുവരി മുതൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ഒരു ലക്ഷത്തോളം സൈബർ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ഡാറ്റാ എൻട്രി പോലുള്ള ജോലിക്ക് വൻ ശമ്പളം വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പിനായി റിക്രൂട്ട് ​ചെയ്യുന്നത്. അവിടെ എത്തിക്കഴിഞ്ഞാൽ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കും. എതിർക്കാതിരിക്കാനും മറ്റും പാസ്​പ്പോർട്ടുകൾ സംഘം കൈക്കലാക്കും. സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തുകയാണ് ഒരുരീതി. ക്രിപ്‌റ്റോകറൻസി ആപ്പിൽ നിക്ഷേപിക്കാ​ൻ ആൾക്കാരെ പ്രേരിപ്പിക്കലാണ് തട്ടിപ്പ് സംഘത്തിന്റെ മറ്റൊരു രീതി. തട്ടിപ്പ് ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത​വ​രെ ക്രൂരമായി മർദിക്കും. പാസ്​പോർട്ടുകൾ നശിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായാണ് പലരെയും തട്ടിപ്പിന് നിർബന്ധിക്കുന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News