വനിതാ ഡോക്ടറുടെ കൊലപാതകം: ഏഴുപേരുടെ നുണ പരിശോധന പൂർത്തിയായി
വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് സി.ബി.ഐ
കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ആർ.ജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണത്തിൽ ക്രിമിനൽ കേസെടുത്തു. പ്രതി സഞ്ജയ് റോയിയും മുൻ പ്രിൻസിപ്പലും അടക്കം ഏഴുപേരുടെ നുണ പരിശോധനയും പൂർത്തിയായി.
വനിതാ ഡോക്ടർ കൂട്ട ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും സി.ബി.ഐ സംഘത്തിന് ലഭിച്ചു. ആഗസ്റ്റ് ഒമ്പതിന് പുലർച്ചെ പ്രതി സഞ്ജയ് റോയ് സെമിനാർ ഹോളിലേക്ക് എത്തുന്നതും മടങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് മെഡിക്കൽ കോളജിൽ നടത്തിയ സാമ്പത്തിക തിരിമറയിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ഇയാൾ മൃതദേഹം മറിച്ചു വിറ്റിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർച്ചയായി 9 ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സി.ബി.ഐ കേസെടുത്തത്.
സാമ്പത്തിക കുറ്റങ്ങളിൽ ഇ.ഡി അന്വേഷിക്കണമെന്ന് ബംഗാൾ ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജി കർ ആശുപത്രിയിലെ സമരം തുടരുകയാണ്. വരും ദിവസങ്ങളിൽ ബഹുജന മാർച്ചിനും ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.