ഇന്ത്യൻ ക്രിക്കറ്റിന്റെ 'ദാദ' സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

ലവ് ഫിലിംസാണ് ദാദയുടെ ജീവചരിത്ര സിനിമ നിർമിക്കുന്നത്

Update: 2022-08-29 11:05 GMT
Advertising

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സ്‌നേഹപൂർവം 'ദാദ'യെന്ന് വിളിക്കുന്ന സൗരവ് ഗാംഗുലിയുടെ ജീവതം സിനിമയാകുന്നു. ലവ് ഫിലിംസാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും നിലവിൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) പ്രസിഡൻറുമായ ഗാംഗുലിയുടെ സംഭവ ബഹുലമായ ജീവിതം സിനിമയാക്കുന്നത്.

'ക്രിക്കറ്റാണ് എന്റെ ജീവിതം, തലയുയർത്തി പിടിച്ചു ജീവിക്കാൻ ഈ കളിയാണ് തനിക്ക് കഴിവ് നൽകിയതെന്നും ഏറെ വിലമതിക്കപ്പെടുന്ന യാത്രയായിരുന്നു ഇതെന്നും ലവ് ഫിലിംസ് ആ ജീവിതം സിനിമയാക്കുന്നതിൽ ഏറെ സന്തോഷവാനാണെന്നും സിനിമ സ്ഥിരീകരിച്ച് ഗാംഗുലി പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറഞ്ഞു.

ഇന്ത്യക്ക് നിരവധി ഐതിഹാസിക വിജയങ്ങൾ സമ്മാനിച്ച നായകനാണ് ഗാംഗുലി. 1996 ൽ ഇദ്ദേഹം ആദ്യമായി കളിച്ച ലോഡ്‌സിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചറി നേടി. അടുത്ത മത്സരത്തിലും സെഞ്ചറി നേട്ടം കൈവരിച്ചു. വൈകാതെ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ പ്രധാന ഭാഗമായി അദ്ദേഹം മാറി. 2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി ലഭിച്ചു.

കഴിവുള്ള താരങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഗാംഗുലി അഗ്രഗണ്യനായിരുന്നു. വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിംഗ് ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് തെളിയിച്ചു.

2000 ത്തിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 2-1 ന് വിജയം നേടാൻ ഗാംഗുലിയുടെ ടീമിനായത് ചരിത്രമായിരുന്നു.

2002 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാറ്റ്‌വെസ്റ്റ് ഫൈനൽ ഗാംഗുലിയുടെ മികച്ച മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 326 എന്ന വൻസ്‌കോറായിരുന്നു. 146/5 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ യുവരാജും കൈഫും ചേർന്ന് വിജയത്തിലേക്ക് നയിച്ചപ്പോൾ ഷർട്ട് ഊരി വീശിയ ഗാംഗുലിയുടെ ചിത്രം ക്രിക്കറ്റ് ചരിത്രത്തിലെ മനോഹര മുഹൂർത്തമാണ്‌.

ഗാംഗുലിയുടെ നേതൃത്വത്തിൽ 2003ൽ ലോകകപ്പിൽ ഫൈനൽ വരെയെത്താനും ടീമിനായി. 2008 ൽ നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇദ്ദേഹം അവസാന ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്.

ലവ് രഞ്ജൻ ഫിലിംസിന്റെ ബാനറിൽ ഹിന്ദിയിൽ നിർമിക്കുന്ന സിനിമയിലെ നടീനടന്മാരെ പ്രഖ്യാപിച്ചിട്ടില്ല. ഡയറക്ടറുടെ പേരും പുറത്തുവിട്ടിട്ടില്ല.

ദേ ദേ പ്യാർ, ചലാംഗ് തുടങ്ങിയ ചിത്രങ്ങൾ ലവ് ഫിലിംസ് നിർമിച്ചവയാണ്. ലവ് രഞ്ജനും അൻകൂർ ഗാർഗും ചേർന്ന് സ്ഥാപിച്ചതാണ് ലവ് ഫിലിംസ് നിർമാണ കമ്പനി.




Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News