മതേതരത്വം ഭരണഘടനയിലെ ഭേദഗതി ചെയ്യാനാകാത്ത ഭാഗം: സുപ്രിംകോടതി

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി

Update: 2024-10-21 15:45 GMT
Advertising

ന്യൂഡൽഹി: മതേതരത്വം എന്ന പദം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് സുപ്രിംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. മതേതരത്വം ഒരിക്കലും ഭേഗതി ചെയ്യാൻ കഴിയാത്ത ഭാഗമാണെന്ന് നിരവധി വിധികളിൽ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന സമത്വത്തിനും സാഹോദര്യത്തിനുമുള്ള അവകാശവും മൂന്നാം ഭാഗത്തിന് കീഴിലുള്ള മൗലികാവകാശങ്ങളും പരിശോധിച്ചാൽ, മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കപ്പെട്ടതായി വ്യക്തമാവുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ബൽറാം സിങ്, മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഡ്വ. അശ്വിനി കുമാർ ഉപാധ്യായ് എന്നിവരാണ് ആമുഖം ഭേദഗതി ചെയ്തതിനെതിരെ ഹരജി നൽകിയത്.

ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് വാദത്തിനിടെ ഹരജിക്കാരനോട് കോടതി ചോദിച്ചു. ഇന്ത്യ മതേതര രാജ്യമല്ലെന്ന് പറയുന്നില്ലെന്നും എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഭേദഗതിയെയാണ് ചോദ്യം ചെയ്യുന്നതെന്നും ബൽറാം സിങ്ങിന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കർ പറഞ്ഞു. സോഷ്യലിസം എന്ന പദം ഉൾപ്പെടുത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നൽ, അവസര സമത്വം വേണമെന്നും അതിനാൽ സോഷ്യലിസത്തിന് അർഥമുണ്ടെന്നും ബെഞ്ച് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യണമെന്നും വ്യക്തമാക്കി. നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News