ഇന്‍ഡ്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമായില്ലെങ്കിലും ബിജെപി വിരുദ്ധ നിലപാടിൽ മാറ്റമില്ല: എ.എം.ആരിഫ് എം.പി
ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന പി ബി നിലപാട് കേന്ദ്രകമ്മിറ്റി തിരുത്തുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും എ.എം ആരിഫ് എം.പി മീഡിയവണിനോട്
ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമായില്ലെങ്കിൽ പോലും ബിജെപി വിരുദ്ധ നിലപാടിൽ സിപിഎമ്മിനു മാറ്റമില്ലെന്ന് എ.എം.ആരിഫ് എംപി. കൂടുതൽ പാർട്ടികളെ സഖ്യത്തിലേക്ക് കൊണ്ട് വരാൻ വേണ്ടിയാണ് പ്രതിനിധിയെ അയക്കാതെ മാറി നിൽക്കുന്നത്. ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന പി ബി നിലപാട് കേന്ദ്രകമ്മിറ്റി തിരുത്തുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും എ.എം ആരിഫ് എം.പി മീഡിയവണിനോട് പറഞ്ഞു.
ഇൻഡ്യമുന്നണി കോർഡിനേഷൻ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ട എന്ന തീരുമാനം സിപിഎം മാറ്റുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ. അടുത്തമാസം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പ്രതിനിധിയെ തീരുമാനിക്കും എന്നാണ് കരുതുന്നത്. ഇൻഡ്യാ മുന്നണിയിൽ ഭിന്നതയില്ലെന്നും സിപിഎം നിലപാടിനെ മാനിക്കുന്നുവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.