ഒരു മുസ്‌ലിം പോലുമില്ലാതെ മോദി മന്ത്രിസഭ; സ്വതന്ത്ര ഇന്ത്യയിൽ ആദ്യം

72 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

Update: 2024-06-10 03:17 GMT
Advertising

ന്യൂഡൽഹി: ഒരു മുസ്‌ലിം പോലുമില്ലാതെ മോദി മന്ത്രിസഭ. 72 കേന്ദ്രമന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുസ്‌ലിം സമുദായത്തെ പൂർണമായി ഒഴിവാക്കി ഒരു സർക്കാർ അധികാരം ഏറ്റെടുക്കുന്നത്.

വാജ്പേയ് സർക്കാരോ ഒന്നും രണ്ടും മോദി സർക്കാരോ പോലും ഇങ്ങനെ ആയിരുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ തുടക്കം മുക്താർ അബ്ബാസ് നഖ്വിയെ ചേർത്തു പിടിച്ചു. ഒന്നാം മോദി സർക്കാരിൽ നജ്മ ഹെപ്തുല്ലയുണ്ടായിരുന്നു. പതിനാറാം ദിവസം, ആദ്യ മന്ത്രിസഭ അടൽ ബിഹാരി വാജ്പേയ് രാജിവെക്കുമ്പോഴും രണ്ടാം മന്ത്രിസഭ പിരിച്ചുവിടുമ്പോഴും സിക്കന്ദർ ഭക്ത് ഒപ്പമുണ്ട്. മൂന്നാം വട്ടം എത്തിയപ്പോൾ ഷാനവാസ് ഹുസൈനും ഒരിടം നൽകി.

ഒന്നും രണ്ടും യു.പി.എ സർക്കാരുകളിൽ ഗുലാം നബി ആസാദും സൽമാൻ ഖുർഷിദുമെല്ലാം മികച്ച ഭരണകർത്താക്കളായി. എച്ച്.ഡി ദേവഗൗഡയും ഐ.കെ ഗുജ്‌റാളും പ്രധാനമന്ത്രിമാരായപ്പോൾ സി.എം ഇബ്രാഹിമും സലിം ഇഖ്ബാൽ ഷെർവാണിയും മുതൽക്കൂട്ടായി. നരസിംഹ റാവുവിന്റെ മന്ത്രിസഭയിലെ ഷാർപ് ഷൂട്ടർ ഗുലാം നബി ആസാദ് ആയിരുന്നു. മുഫ്തി മുഹമ്മദ് സെയ്ദ് വി.പി സിങ്ങിന്റെ മന്ത്രിസഭയിലെ ശക്തനായ അഭ്യന്തര മന്ത്രിയായി. ചന്ദ്രശേഖറിന് ഷക്കീലുർ റഹ്മാനും രാജീവ് ഗാന്ധിക്ക് മുഹ്‌സിന കിദ്വായിയും ആരിഫ് മുഹമ്മദ് ഖാനും, ഇന്ദിരാഗാന്ധിക്ക് ഫക്റുദ്ദിൻ അലിയും ലാൽ ബഹാദൂർ ശാസ്ത്രിക്ക് ഹുമയൂൺ കബീറും നൽകിയ പിന്തുണ ചെറുതല്ല.

ലോകമറിയുന്ന വിദ്യാഭ്യാസ വിദഗ്ധനായിരുന്ന മൗലാനാ അബ്ദുൽ കലാം ആസാദ്, നെഹ്‌റുവിന്റെ മൂന്ന് മന്ത്രിസഭയിലും അംഗമായി രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് ഊടും പാവും തുന്നി. 1947ൽ നിന്നും 2024ൽ എത്തുമ്പോഴാണ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് മുസ്‌ലിം സമുദായം അപ്രത്യക്ഷമാകുന്നത്. എല്ലാവരുടെയും ഒപ്പം എന്ന ഹിന്ദി വാക്കായ സബ് കാ സാഥ് ആണ് മോദി സർക്കാരിന്റെ മുദ്രാവാക്യം . ഈ എല്ലാവരിലും നിന്നാണ് ഒരു വിഭാഗത്തെ പാടെ മുറിച്ചുമാറ്റുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News