'ഇത് ബി.ജെ.പിയുടെ ചോദ്യമാണ്'; അമേഠിയിലോ റായ്ബറേലിയോ മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി
ബി.ജെ.പി അഴിമതിയുടെ വെയർഹൗസാണെന്ന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പറഞ്ഞു.
ലഖ്‌നോ: അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ ആര് മത്സരിക്കുമെന്നതിൽ സസ്‌പെൻസ് തുടർന്ന് കോൺഗ്രസ്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. 'ഇത് ബി.ജെ.പിയുടെ ചോദ്യമാണ്' എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് രാഹുലിന്റെ മറുപടി.
''ഇത് ബി.ജെ.പിയുടെ ചോദ്യമാണ്. എനിക്ക് എന്ത് നിർദേശമാണോ ലഭിക്കുന്നത് അത് അനുസരിക്കും. ഞങ്ങളുടെ പാർട്ടിയിൽ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയാണ്. അവരുടെ തീരുമാനം ഞാൻ അനുസരിക്കും''-രാഹുൽ പറഞ്ഞു.
അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇതുവരെ മത്സരിച്ചിട്ടില്ല. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേഠിയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും പറഞ്ഞിരുന്നു.
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുലും അഖിലേഷും ഉന്നയിച്ചത്. ബി.ജെ.പി അഴിമതിയുടെ വെയർഹൗസാണെന്ന് രാഹുൽ പറഞ്ഞു. സുതാര്യത കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നവർ എന്തിനാണ് ഇലക്ടറൽ ബോണ്ടിൽ പണം നൽകിയവരുടെ പേര് മറച്ചുവെക്കുന്നതെന്ന് നേതാക്കൾ ചോദിച്ചു. അവർ പണം തന്ന തീയതികൾ എന്തിനാണ് മറച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയാണിതെന്നും രാഹുൽ പറഞ്ഞു.