ഗുജറാത്തിൽ ക്ഷേത്രത്തിലെ വിവാദ ചുവർചിത്രങ്ങൾ നശിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ
സന്യാസിയായ സഹജാനന്ദ് സ്വാമിയുടെ മുന്നിൽ ഹനുമാൻ മുട്ടുകുത്തി നിൽക്കുന്നതാണ് ചുവർചിത്രങ്ങളിൽ ചിത്രീകരിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തിൽ ക്ഷേത്രത്തിലെ വിവാദ ചുവർചിത്രങ്ങൾ നശിപ്പിച്ചതിന് മൂന്ന് പേർ അറസ്റ്റിൽ. ബൊട്ടാഡ് ജില്ലയിലെ പ്രശസ്തമായ സലാങ്പൂർ ക്ഷേത്രത്തിലെ ചുവർചിത്രം നശിപ്പിച്ചതിലാണ് നടപടി. സ്വാമിനാരായൺ വിഭാഗത്തിൽപ്പെട്ട സന്യാസിയായ സഹജാനന്ദ് സ്വാമിയുടെ മുന്നിൽ ഹനുമാൻ മുട്ടുകുത്തി നിൽക്കുന്നതാണ് ചുവർചിത്രങ്ങളിൽ ചിത്രീകരിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹാർഷദ് ഗധ്വി, കൂട്ടാളികളായ ജയ്‌സിൻ ഭർവാദ്, ബൽദേവ് ഭർവാദ് എന്നിവർ ചേർന്നാണ് ചുവർചിത്രങ്ങൾ നശിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് കിഷോർ ബലോലിയ പറഞ്ഞു. ഗധ്വിയും കൂട്ടരും ചുവർ ചിത്രങ്ങൾ നശിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന്, ശനിയാഴ്ച രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ക്ഷേത്ര ഭരണസമിതി സ്ഥാപിച്ച 54 അടി ഉയരമുള്ള ഹനുമാൻ പ്രതിമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന്റെ പീഠത്തിന്റെ ഭിത്തിയിലാണ് സഹജാനന്ദ സ്വാമിക്ക് മുന്നിൽ ഭക്തിനിർഭരമായ ഭാവത്തിൽ ഹനുമാൻ പ്രണാമം അർപ്പിക്കുന്ന ചുവർചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു.
ചുവർ ചിത്രം ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണെന്നും നീക്കം ചെയ്യണമെന്നും വിവിധ ഹിന്ദുമത നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. പ്രതിമയ്ക്ക് ചുറ്റുമുള്ള ബാരിക്കേഡുകൾ തകർത്ത് ഒരു കമ്പി ഉപയോഗിച്ച് ഗധ്വി ചുവർചിത്രങ്ങൾ നശിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഐപിസി 295 എ (മതവികാരം വ്രണപ്പെടുത്തൽ), 153 എ (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 506 (2) (കുറ്റകരമായ ഭീഷണിപ്പെടുത്തൽ), 120 ബി (കുറ്റകരമായ ഗൂഡാലോചന) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ബർവാല പൊലീസ് അറിയിച്ചു. അതേസമയം, ക്ഷേത്രത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.