പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു
മാൾഡയിലെ കൗൺസിലറായ ദുലാൽ സർക്കാർ ആണ് കൊല്ലപ്പെട്ടത്.
കൊൽക്കത്ത: പശ്ചിമബംഗാളിലെ മാൾഡയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു. കൗൺസിലറായ ദുലാൽ സർക്കാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ ദുലാലിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇന്ന് രാവിലെ മാൾഡാ ജില്ലയിലെ ജൽജാലിയ മോരെ പ്രദേശത്തായിരുന്നു സംഭവം.
ദുലാലിന്റെ തലയിൽ നിരവധി തവണ വെടിയേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബ്‍ലാ എന്നാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.
ദലൂൽ സർക്കാരിൻ്റെ മരണം ഞെട്ടിച്ചുവെന്ന് ബംഗാൾ മുഖ്യമന്തി മമതാ ബാനർജി പ്രതികരിച്ചു. പാർട്ടിയുടെ തുടക്കം മുതൽ തന്റെ കൂടെ നിന്ന അടുത്ത സഹപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു ദുലാൽ സർക്കാർ എന്നും മമത അനുസ്മരിച്ചു.