തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ഗംഗാ നായകിന് വിജയം
ഭരണകക്ഷിയായ ഡി.എം.കെയാണ് ഗംഗയെ സ്ഥാനാർഥിയായി നിർത്തിയത്
തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വെല്ലൂരിൽ ഭരണകക്ഷിയായ ഡി.എം.കെയുടെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ഗംഗാ നായകിന് വിജയം. വെല്ലൂർ കോർപ്പറേഷനിലെ 37ാം വാർഡ് കൗൺസിലറായാണ് ഗംഗാ നായക് വിജയിച്ചത്. 20 വർഷമായി ഡി.എം.കെയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് 49കാരിയായ ഗംഗ.
തമിഴ്നാട്ടിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നേടുന്ന ഏക സ്ഥാനാർഥിയാണ് ഗംഗാ നായക്. വെല്ലൂർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകയായ അവർ സൗത്ത് ഇന്ത്യ ട്രാൻസ്ജെൻഡർ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിക്കുന്നുണ്ട്. വെല്ലൂരിൽ ദിവസ വേതനക്കാരായി ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായാണ് ഗംഗ ജനിച്ചത്. 21 മുനിസിപ്പൽ കോർപ്പറേഷനുകളിലും 138 മുനിസിപ്പാലിറ്റികളിലും 490 ടൗൺ പഞ്ചായത്തുകളിലുമായി 12,838 സീറ്റുകളിലേക്കാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇത്തവണ ഡി.എം.കെ മാത്രമല്ല തെരഞ്ഞെടുപ്പിൽ ട്രാൻസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. മൊത്തം 15 ട്രാൻസ് വ്യക്തികൾ ഈ വർഷം നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇവരിൽ പലരും സ്വതന്ത്രരായാണ് മത്സരിച്ചത്.