പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; കർണാടകയിലെ മുരു​ഗ മഠാധിപതി വീണ്ടും അറസ്റ്റിൽ

ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പോക്സോ കേസിൽ വീണ്ടും അറസ്റ്റിലായത്.

Update: 2023-11-20 16:00 GMT
Advertising

ബെം​ഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കർണാടകയിലെ ചിത്രദുർ​ഗ മുരു​ഗരാജേന്ദ്ര ബ്രുഹാൻ മഠാധിപതി ശിവമൂർത്തി ശരണ വീണ്ടും അറസ്റ്റിൽ. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പോക്സോ കേിൽ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പോക്സോ കേസിൽ വീണ്ടും അറസ്റ്റുണ്ടായത്.

ചിത്രദുർ​ഗയിലെ അഡീഷനൽ സെഷൻസ് കോടതി-2 ജഡ്ജ് ബി.കെ കോമളയാണ് മഠാധിപതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചതും. നേരത്തെ, കഴിഞ്ഞവർഷം സെപ്തംബർ ഒന്നിനാണ് ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് പുറത്തിറങ്ങിയത്.

ജാമ്യത്തിലിറങ്ങിയ ശിവമൂർത്തി ശരണ ദാവൻ​ഗേരെയിലെ വിരക്ത മഠത്തിൽ കഴിയവെ ചിത്രദുർ​ഗ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ അന്വേഷണം അവസാനിക്കുന്നതുവരെ ചിത്രദുർ​ഗ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളിന്മേലാണ് ആദ്യ പോക്സോ കേസിൽ ജാമ്യം അനുവദിച്ചത്.

രണ്ട് ലക്ഷം രൂപയുടെ വ്യക്തി​ഗത ബോണ്ടിലും സമാന തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

മഠത്തിലെ സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്. മൈസൂരിലെ 'ഓടനാടി സേവാ സംസ്‌തേ' എന്ന എൻജിഒയാണ് ഇയാൾക്കും മറ്റ് നാല് പേർക്കുമെതിരെ ആദ്യ പരാതി നൽകിയത്. 2022 ജൂലൈയിൽ സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥിനികൾ മൈസൂരുവിലെത്തി എൻ.ജി.ഒയെ സമീപിക്കുകയായിരുന്നു. ഇവരോട് കുട്ടികൾ വിവരങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് ആഗസ്റ്റ് 26നാണ് എൻജിഒ പൊലീസിൽ പരാതി നൽകിയത്.

ഇതിൽ മൈസൂരിലെ നാസറാബാദ് പൊലീസ് പോക്സോ, പട്ടികജാതി- വർ​​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയിൽ നിയമം എന്നിവ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 15, 16 വയസുള്ള പെൺകുട്ടികളെ 2019 ജനുവരി മുതൽ 2022 ജൂൺ വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. മഠത്തിന് കീഴിലെ സെമിനാരിയിലെ വിദ്യാർഥികളായിരുന്നു ഇവർ. ചേംബറിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി എന്നാണ് വിദ്യാർഥിനികളുടെ പരാതിയിൽ പറയുന്നത്.

2019, 2022 വർഷങ്ങളിൽ ഹോസ്റ്റലിൽ താമസിച്ചിരുന്ന തന്റെ പെൺമക്കളെയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പെൺകുട്ടികളെയും ശിവമൂർത്തി ശരണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റ് രണ്ട് പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോക്‌സോ പ്രകാരം രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ പരമശിവയ്യ, ഗംഗാധർ, മഹാലിംഗ, കരിബസപ്പ, ജൂനിയർ മഠാധിപതി ബസവാദിത്യ എന്നിവർക്കും പങ്കുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രണ്ടാമത്തെ കേസിലെ കുറ്റപത്രത്തിൽ നിന്ന് പരമശിവയ്യയുടെ പേര് ഒഴിവാക്കി.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News