പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയിൽ; പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം
ബൂത്ത് ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിയ നിലയിൽ.കൂച്ച് ബിഹാറിലെ ബറോകോദാലിയിലാണ് ഓഫീസ് കത്തിച്ചത്. ഓഫീസ് കത്തിച്ചത് ബി.ജെ.പിയാണെന്ന് ടിഎംസി ആരോപിച്ചു.
വിവിധ സ്ഥലങ്ങളിൽ ബൂത്ത് ഏജന്റുമാരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചെന്നും ടി.എം.സി പ്രവർത്തകർ ആരോപിച്ചു.വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതരുടെ ആക്രമണത്തിൽ രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റത്. ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ടി.എം.സി ആരോപിച്ചു.
ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വടക്കൻ ബംഗാൾ വികസന മന്ത്രിയും ടിഎംസിയുടെ ദിൻഹത എംഎൽഎയുമായ ഉദയൻ ഗുഹ പറഞ്ഞു. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റതായും മറ്റൊരാൾക്ക് കൈയിലും കാലിലും ഗുരുതരമായ മുറിവുകളുണ്ടെന്നും ഗുഹ പറയുന്നു. ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം തടയാൻ പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പരിക്കേറ്റവർ ടിഎംസി പ്രവർത്തകരാണെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം,സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കൂച്ച് ബിഹാറിന് പുറമെ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി, അലിപുർദുവാർ ലോക്സഭാ സീറ്റുകളിലേക്കും ഇന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.