ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നിർണായക തൃണമൂൽ യോഗം ഇന്ന്, നിലപാട് വ്യക്തമാക്കാനൊരുങ്ങി മമത
മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അഭ്യർത്ഥന മമത ഇന്ന് പരിഗണിക്കും
ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് നിർണായക യോഗം ഇന്ന്. കൊൽക്കത്തയിൽ നടക്കുന്ന യോഗത്തിൽ മുഴുവൻ തൃണമൂൽ എംപിമാർക്കും എംഎൽഎമാർക്കും പങ്കെടുക്കാൻ നിർദ്ദേശം നല്‍കി. മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ അഭ്യർത്ഥനയും മമത ഇന്ന് പരിഗണിക്കും.
കൊൽക്കത്ത കാളിഗഡിലെ മമതാ ബാനർജിയുടെ വസതിയിൽ ഇന്ന് വൈകിട്ടാണ് യോഗം. യോഗത്തിൽ പങ്കെടുക്കാൻ മുഴുവൻ എംപിമാരോടും എംഎൽഎമാരോടും പാർട്ടി അധ്യക്ഷ കൂടിയായ മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്. മാർഗരറ്റ് ആൽവയെ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയാക്കിയതിൽ മമതാ ബാനർജിക്ക് അതൃപ്തിയുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിനിർണയത്തിന്റെ ഒരു ഘട്ടത്തിലും തന്നോട് കൂടിയാലോചനകൾ നടത്താത്തതിനാണ് മമതയ്ക്ക് എതിർപ്പുള്ളത്.
ഇന്ന് നടക്കുന്ന നിർണായ യോഗത്തിന് ശേഷം നയം വ്യക്തമാക്കാമെന്നാണ് മമതാ ബാനർജി അറിയിച്ചിരിക്കുന്നത്. ഈ എതിർപ്പ് പരിഹരിക്കുന്നതിനായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ മമതാ ബാനർജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ മുൻ ഗവർണറും എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുമായ ജഗ്ദീപ് ദങ്കറിന് മമത പിന്തുണ നൽകുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
ഗവർണർ ആയിരിക്കെ ബംഗാൾ സർക്കാരുമായി അസ്വാരസ്യത്തിൽ ആയിരുന്നുവെങ്കിലും തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കളുമായി ദങ്കറിന് വ്യക്തിപരമായി അടുപ്പമുണ്ട്. അതുകൊണ്ടുതന്നെയാണ് തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ തേടി ദങ്കർ സമീപിച്ചതും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടായതുപോലെ ഒരു പ്രതിപക്ഷ ഐക്യം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ആം ആദ്മി പാർട്ടിയോ അരവിന്ദ് കെജ്രിവാളോ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.