ദേശീയ പാർട്ടി പ്രഖ്യാപനം; അണികൾക്ക് കോഴിയും മദ്യവും വിതരണം ചെയ്ത് ടി.ആർ.എസ് നേതാവ്, വീഡിയോ
2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര സർക്കാറിനെ തെരഞ്ഞെടുത്താൽ സൗജന്യ വൈദ്യുതി നൽകുമെന്ന് സെപ്തംബർ അഞ്ചിന് ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരുന്നു
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) തലവൻ കെ. ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് അണികൾക്ക് കോഴിയും മദ്യവും വിതരണം ചെയ്ത് മുതിർന്ന നേതാവ്. മുതിർന്ന നേതാവായ രാജനാല ശ്രീഹരിയാണ് വാറങ്കലിൽ കോഴിയും മദ്യവും വിതരണം ചെയ്തത്. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രൂപവത്കരിക്കപ്പെടുന്ന ദേശീയ പാർട്ടി പ്രഖ്യാപനം വിജയ ദശമി ദിനത്തിലുണ്ടാകുമെന്നാണ് വിവരം. ഈ സന്ദർഭം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ശ്രീഹരി മദ്യവിതരണം നടത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെയും മന്ത്രിയും മകനുമായ കെ.ടി. രാമറാവുവിന്റെയും കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു വിതരണം.
ടി.ആർ.എസിന് ദേശീയരൂപം നൽകാനാണ് പദ്ധതി. ഭാരതീയ രാഷ്ട്രസമിതി(ബി.ആർ.എസ്) ആണ് ആലോചനയിലുള്ള പേര്. ടി.ആർ.എസിന്റെ പേരുമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും പാർട്ടി മത്സരിക്കും. തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ദേശീയ പാർട്ടി അവകാശവാദം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അരങ്ങേറ്റം കുറിച്ചും ദേശീയപാർട്ടി പദവി സ്വന്തമാക്കാനും നീക്കമുണ്ടായേക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിക്കാനാണ് ടി.ആർ.എസ് നീക്കം. 2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെ.സി.ആർ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ദേശീയതലത്തിൽ ബദൽ മുന്നേറ്റമായി ബി.ആർ.എസ് മാറുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു.
2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര സർക്കാറിനെ തെരഞ്ഞെടുത്താൽ സൗജന്യ വൈദ്യുതി നൽകുമെന്ന് സെപ്തംബർ അഞ്ചിന് ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നിതീഷ് കുമാറിനെ കണ്ട റാവു ബിജെപി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ മിക്ക പ്രശ്‌നങ്ങൾക്കും കാരണം ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാർട്ടി നേതാക്കൾക്ക് പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു കെ.സി.ആർ. മന്ത്രിമാരുമായും തെലങ്കാനയിലെ 33 ജില്ലകളിലെയും ടി.ആർ.എസ് അധ്യക്ഷന്മാരുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ശേഷം നടന്ന യോഗത്തിലാണ് ദേശീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നത്.
Telangana Rashtra Samiti (TRS) chief K. Chandrasekhar Rao, a senior leader distributed chicken and liquor to the ranks a day before announcing the National Party.