മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുവെച്ച് ഉദ്ധവ് താക്കറെ; നേരത്തെ ധാരണ വേണമെന്ന് ആവശ്യം
2019 മുതൽ 2022വരെയുള്ള സർക്കാരിനെ നയിച്ചത് ഉദ്ധവ് താക്കറെയായതിനാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി സ്ഥാനവും വേണമെന്നാണ് ഇവരുടെ നിലപാട്
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ ജനങ്ങളുടെ പൾസും അനുകൂലമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണെറിഞ്ഞ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മഹാവികാസ് അഘാഡിയിൽ(എം.വി.എ) ഉദ്ധവ് താക്കറെ വിഭാഗമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആദ്യം അവകാശം ഉന്നയിച്ചിരിക്കുന്നത്.
2019 മുതൽ 2022വരെയുള്ള സർക്കാരിനെ നയിച്ചത് ഉദ്ധവ് താക്കറെയായതിനാൽ സ്വാഭാവികമായും അടുത്ത മുഖ്യമന്ത്രി സ്ഥാനവും വേണമെന്നാണ് ഇവരുടെ നിലപാട്. ഇതുസംബന്ധിച്ചൊരു ധാരണ നേരത്ത തന്നെയുണ്ടാക്കണമെന്നാണ് ഉദ്ധവ് വിഭാഗം ആവശ്യപ്പെടുന്നത്. ഭാവിയിലെ എം.വി.എ സർക്കാരിന്റെ മുഖ്യമന്ത്രിയായി താക്കറെയെ ശിവസേന (യുബിടി) ആഗ്രഹിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമായ ധാരണയുണ്ടാക്കണമെന്ന് കോൺഗ്രസ്, എൻ.സി.പി നേതാക്കളെ(ശരത് പവാര്‍ വിഭാഗം) അറിയിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു ഉദ്ധവ് വിഭാഗം നേതാവ് പറഞ്ഞതായി എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മകൻ ആദിത്യ താക്കറെ, മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് റാവത്ത് എന്നിവർക്കൊപ്പം ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച ഡൽഹിയിൽ വെച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ പശ്ചാതലത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എൻ.സി.പി തലവൻ ശരദ് പവാറുമായും അവർ ചർച്ച നടത്തിയിരുന്നു. എം.വി.എയുടെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഞങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കും എന്നാണ് അന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞിരുന്നു.
അതേസമയം സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ എം.വി.എയില്‍ പുരോഗമിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല സീറ്റ് വിഭജനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് വിഭാഗത്തെ അപേക്ഷിച്ച് നേട്ടം കൂടുതലുണ്ടാക്കിയത് കോണ്‍ഗ്രസാണ്. 17ല്‍ 13 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 21 സീറ്റില്‍ മത്സരിച്ച ഉദ്ധവ് വിഭാഗത്തിന് 9 സീറ്റുകളെ വിജയിക്കാനായുള്ളൂ. എന്‍.സി.പിയാകട്ടെ പത്തില്‍ എട്ടെണ്ണം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ചില സീറ്റുകൾ നേരിയ മാർജിനലിൽ ഉദ്ധവ് വിഭാഗം തോൽക്കാൻ കാരണം അണികൾക്കിടയിലെ ആശയക്കുഴപ്പത്താലാണെന്നാണ് ഇവരുടെ നേതാക്കൾ വാദിക്കുന്നത്.
ചിഹ്നവും പേരും മാറിയത് തിരിച്ചടിയായെന്നും അതുകൊണ്ട് ലോക്‌സഭാ കണക്ക് നിയമസഭാ സീറ്റ് വിഭജനത്തിലേക്ക് കൊണ്ടുവരരുത് എന്നും ഇവർ പറയുന്നുണ്ട്. അതേസമയം പരമ്പരാഗതമായി തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ്, ഒരാളെ ഉയർത്തിക്കാണിക്കാറില്ലെന്നാണ് മഹാവികാസ് അഘാഡിയിലെ ചിലർ ഓര്‍മിപ്പിക്കുന്നത്. എന്നാൽ ജാർഖണ്ഡിലെ സ്ഥിതി മറിച്ചല്ലേ എന്ന് ചിലർ ചോദിക്കുന്നു. അവിടെ ഹേമന്ത് സോറനെ ഉയർത്തിക്കാട്ടിയല്ലെ കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇവർ ചോദിക്കുന്നു.
ഉദ്ധവ് താക്കറെ-ശരദ് പവാർ എന്നിവർക്ക് നേരെയുണ്ടായ സഹതാപ തരംഗമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുണയായെ വിശ്വസിക്കുന്നവർ സഖ്യത്തിൽ ഏറെയുണ്ട്. കോൺഗ്രസാണ് ഇതെല്ലാം മുന്നോട്ടുകൊണ്ടുപോയതെങ്കിലും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനവും കൂടുതല്‍ സീറ്റുകളും അര്‍ഹിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അടുത്ത് തന്നെ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.