'ഉദ്ധവിന് കനത്ത തിരിച്ചടി'; ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പോരാട്ടം തുടരുമെന്നും പ്രതീക്ഷ കൈവിടില്ലെന്നും ഉദ്ധവ്
മുംബൈ: ശിവസേനയുടെ പേരും വില്ലും അമ്പും ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. ഇരുപക്ഷവും പേരിനും ചിഹ്നത്തിനും വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ അവകാശത്തിന് വേണ്ടി ഇരുപക്ഷവും നൽകിയ കേസ് സുപ്രിംകോടതിയിൽ നടക്കുകയാണ്.പാർട്ടി സ്ഥാപകൻ ബാൽതാക്കറെയുടെ മകനാണ് ഉദ്ധവ് താക്കറെ.
2019 ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വിജയിച്ച 55 ശിവസേന സ്ഥാനാർഥികളിൽ 76 ശതമാനം പേരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിനാണ് വോട്ട് ചെയ്തത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഉദ്ധവ് താക്കറെ വിഭാഗത്തിന് 23.5 ശതമാനം വോട്ട് മാത്രമെ ലഭിച്ചിട്ടുള്ളൂ. അതേസമയം ശിവസേനയുടെ നിലവിലെ ഭരണഘടന ജനാധിപത്യവിരുദ്ധമാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു.
ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് ഉദ്ധവ് ബാലാസാഹെബ് താക്കെറെ എന്ന പേരിൽ മത്സരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കഴിഞ്ഞ വർഷം അനുവദിച്ച 'തീപന്തം' ചിഹ്നത്തിൽ മത്സരിക്കാം. കഴിഞ്ഞ നവംബർ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിനിടെയാണ് ചിഹ്നത്തിനായി പോര് രൂക്ഷമായത്. എന്നാൽ ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നവും നൽകരുതെന്നാവശ്യപ്പെട്ട് ഷിൻഡെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ രംഗത്തെത്തി. 'അവർ ശിവസേനയുടെ ചിഹ്നം മോഷ്ടിച്ചു. ഞങ്ങൾ പോരാട്ടം തുടരും, പ്രതീക്ഷ കൈവിടില്ല. തൽക്കാലം ഷിൻഡെ തന്റെ മോഷണത്തിൽ സന്തോഷിക്കട്ടെ. ഒരിക്കൽ രാജ്യദ്രോഹിയായവൻ എപ്പോഴും രാജ്യദ്രോഹിയാണെന്നും ഉദ്ധവ് താക്കറെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.