ശിവസേന തർക്കം വീണ്ടും സുപ്രിംകോടതി കോടതിയിലേക്ക്; സ്പീക്കർ കോടതിയെ അപമാനിച്ചെന്ന് ഉദ്ധവ് താക്കറെ
സുപ്രിംകോടതി ആവശ്യപ്പെട്ട കാര്യമല്ല സ്പീക്കർ രാഹുൽ നർവേക്കാർ ചെയ്തതെന്ന് ഉദ്ധവ് ആരോപിക്കുന്നു
മുംബൈ: ശിവസേന തർക്കത്തിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സുപ്രിംകോടതിയിലേക്ക് . സുപ്രിംകോടതി ആവശ്യപ്പെട്ട കാര്യമല്ല സ്പീക്കർ രാഹുൽ നർവേക്കാർ ചെയ്തതെന്ന് ഉദ്ധവ് ആരോപിക്കുന്നു. യഥാർഥ ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷമാണെന്ന തീരുമാനത്തിനെതിരെയാണ് ഹരജി സമർപ്പിക്കുന്നത്
കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്‌ഥാനത്തിലല്ല സ്പീക്കർ തീരുമാനം കൈകൊണ്ടത് എന്ന വാദമാണ് ഉദ്ധവ് താക്കറെ ഉയർത്തുന്നത്. ഉദ്ധവ് താക്കറേയുടെയും ഏക്നാഥ് ഷിൻഡെയുടെയും പക്ഷത്തെ എം.എൽ.എമാരെ അയോഗ്യരാക്കാതെയാണ് സ്പീക്കർ തീർപ്പ് കൽപ്പിച്ചത്. യഥാർഥ ശിവസേന ഷിൻഡെ വിഭാഗത്തിന്റെതാണെന്ന് വ്യക്തമാക്കിയതോടെ മഹാരാഷ്ട്ര സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്ത ഭീഷണി ഇല്ലാതായി. ഇത്തരമൊരു തീരുമാനത്തിൽ എത്തി ചേരാൻ സുപ്രിം കോടതി ആവശ്യപ്പെട്ടില്ലെന്നും കോടതിയെ അപമാനിക്കുകയാണ് സ്പീക്കർ ചെയ്തത് എന്നുമാണ് ഉദ്ധവിന്റെ വാദം .
2018 ൽ പുതുക്കിയ പാർട്ടി ഭരണ ഭരണഘടന അംഗീകരിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. 1999 ലെ ഭരണ ഘടന അനുസരിച്ചു ആണ് നടപടി എടുത്തത്. ഈ ഭരണഘടനാ അനുസരിച്ച് പാർട്ടി എക്സിക്യൂട്ടീവ് ആണ് പരമോന്നത സമിതി. പാർട്ടി അധ്യക്ഷന് വിശേഷാധികാരം നൽകുന്നുമില്ല. ഏക്നാഥ് ഷിൻഡെയെ പുറത്താക്കാൻ ഉദ്ധവ് താക്കറെയ്ക്ക് അധികാരമില്ല എന്നതായിരുന്നു സ്പീക്കറുടെ നിലപാട് . ഈ തീരുമാനമാണ് ഉദ്ധവ് അടുത്ത ആഴ്ച സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഉദ്ധവ് വിഭാഗത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും .