ഉദ്ധവ് താക്കറക്ക് നേരെ ആക്രമണം; വാഹനത്തിന് നേരെ ചാണകവും തേങ്ങയുമെറിഞ്ഞു
കേസിൽ 20 നവനിർമാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു
താനെ: മഹരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനുനേരേ ആക്രമണം.രണ്ടു വാഹനങ്ങളുടെ ചില്ല് തകർന്നു.വാഹനത്തിന് നേരെ തേങ്ങയും ചാണകവും എറിഞ്ഞു. കേസിൽ 20 നവനിർമാൺ സേന പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ഉദ്ധവ് താക്കറെ ശിവസേന (യുബിടി) പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന ഗഡ്കരി രംഗായതാനത്തിന് സമീപമാണ് സംഘർഷമുണ്ടായത്. താക്കറെ വേദിയിൽ എത്തിയപ്പോൾ എംഎൻഎസ് പ്രവർത്തകർ ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
കഴിഞ്ഞദിവസം രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ വെറ്റിലയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് ഉദ്ധവിന് നേരെയും ആക്രമണമുണ്ടായത്. ഇതിന്റെ പ്രതികാരനടപടിയായാണ് ഉദ്ധവ് താക്കറെയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എംഎൻഎസ് പ്രവർത്തകർ തക്കതായ മറുപടിയാണ് നല്‍കിയതെന്നാണ് താനെയിൽ നിന്നുള്ള എംഎൻഎസ് നേതാവ് അവിനാഷ് ജാദവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 'നിങ്ങൾ വെറ്റില കൊണ്ട് എറിഞ്ഞു, അതിന് തേങ്ങ കൊണ്ട് മറുപടി ഞങ്ങള്‍ മറുപടി നല്‍കി. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിൻ്റെ 17 ഓളം വാഹനങ്ങൾ തേങ്ങ ഉപയോഗിച്ച് നശിപ്പിച്ചു. ശിവസേന പ്രവര്‍ത്തകരോട് ഒന്നേ പറയാനൊള്ളൂ...മറ്റ് നേതാക്കളെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം..പക്ഷേ രാജ് താക്കറെക്കുറിച്ച് വേണ്ട,ഇത്തവണ ഞങ്ങൾ ഗഡ്കരി ഹാളിൽ എത്തി. അടുത്ത തവണ ഞങ്ങൾ നിങ്ങളുടെ വീട്ടിലായിരിക്കും എത്തുക '...അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ 20 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഉദ്ധവ് താക്കറക്ക് നേരയുണ്ടായ ആക്രമണം സംസ്താന സർക്കാറിന്റെ പരാജയമാണെന്ന് ശിവസേന (യുബിടി) നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
'ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഉദ്ധവ് താക്കറെ ബാലാസാഹെബ് താക്കറെയുടെ മകനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമാണ്.ഈ ആക്രമണം സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. ഇവിടെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നു, ആഭ്യന്തരമന്ത്രി രാജിവയ്ക്കണം'. അദ്ദേഹം പറഞ്ഞു.