'നോ ബൗൾ' വിളിച്ചു; ക്രിക്കറ്റ് മത്സരത്തിനിടെ അംപയറെ കുത്തിക്കൊന്ന് ആരാധകന്‍
നൂറുകണക്കിനു കാണികൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം
കട്ടക്ക്: ക്രിക്കറ്റ് മത്സരത്തിനിടെ തെറ്റായ വിധി നൽകിയതിന് അംപയറെ കുത്തിക്കൊന്ന് ആരാധകന്‍. ഒഡിഷയിലെ കട്ടക്ക് ജില്ലയിലാണ് സംഭവം. 22കാരനായ ലക്കി റാവത്ത് ആണ് കൊല്ലപ്പെട്ടത്.
ചൗദ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മഹീഷ്‌ലാൻഡ പഞ്ചായത്തിലാണ് ക്രൂരകൃത്യം നടന്നതെന്ന് 'ഒഡിഷ ടി.വി' റിപ്പോർട്ട് ചെയ്തു. മഹീഷ്‌ലാൻഡയിൽ അയൽനാട്ടുകാരായ ബ്രഹ്മപൂർ, ശങ്കർപൂർ ടീമുകൾ തമ്മിലായിരുന്നു ക്രിക്കറ്റ് ടൂർണമെന്റ്. മത്സരം കാണാൻ നൂറുകണക്കിനു ക്രിക്കറ്റ് ആരാധകരും ഇവിടെ തടിച്ചുകൂടിയിരുന്നു.
മത്സരം പുരോഗമിക്കുന്നതിനിടെയാണ് ബ്രഹ്മപൂരിന് പ്രതികൂലമായി അംപയർ ലക്കി വിധിച്ചത്. തെറ്റായി 'നോ ബൗൾ' വിളിച്ചെന്ന് ആരോപിച്ചാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിനിടെ ബ്രഹ്മപൂരുകാരിന്‍റെ ആരാധകനായ സ്മൃതിരഞ്ജൻ റാവത്ത് അംപയറുമായി കയർത്തു. ഏറെനേരം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായി രഞ്ജൻ കത്തിയുമായെത്തി അംപയറെ കുത്തിയത്.
രക്തത്തിൽ കുളിച്ച ലക്കിയെ ഉടൻ തന്നെ നാട്ടുകാർ തൊട്ടടുത്തുള്ള എസ്.സി.ബി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും യുവാവ് മരണത്തിനു കീഴടങ്ങിയിരുന്നു.
കൃത്യത്തിനു പിന്നാലെ പ്രതിയെ നാട്ടുകാർ പൊലീസിന് പിടിച്ചുകൊടുത്തു. സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവിടെ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതി സമൃതിരജഞ്ജന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Summary: Umpire stabbed to death over 'wrong decision' during cricket match in Cuttack,Odisha