'ഞങ്ങൾക്ക് 26,500 കോടി കിട്ടാനുണ്ട്'; തിരിച്ചടിച്ച് ഉദ്ധവ് താക്കറെ

ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തോട് പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

Update: 2022-04-27 16:49 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തോട് പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കേന്ദ്രസർക്കാർ മഹാരാഷ്ട്രയ്ക്ക് 26500 കോടി രൂപ നൽകാനുണ്ടെന്ന് ഉദ്ധവ് തിരിച്ചടിച്ചു.

'മഹാരാഷ്ട്ര സർക്കാറിന് കേന്ദ്ര ഗവൺമെന്റ് 26,500 കോടി രൂപ നൽകാനുണ്ട്. പ്രത്യക്ഷ നികുതി സമ്പാദനത്തിൽ മഹാരാഷ്ട്രയുടെ ദേശീയതല പങ്ക് 38.3 ശതമാനമാണ്. ജിഎസ്ടി സമ്പാദനത്തിൽ അത് 15 ശതമാനമാണ്. കേന്ദ്രം സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്' - പ്രസ്താവനയിൽ ഉദ്ധവ് വ്യക്തമാക്കി.

ബുധനാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിനാണ് മോദി പ്രതിപക്ഷ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയിരുന്നത്. കേന്ദ്രം ഇന്ധന നികുതി കുറച്ചിട്ടും പ്രതിപക്ഷ സംസ്ഥാനങ്ങൾ അതിനു തയ്യാറാകുന്നില്ലെന്ന് മോദി വിമർശിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.

'കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഞാൻ ആരെയും വിമർശിക്കുകയല്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനും അഭ്യർത്ഥിക്കുന്നു. ഇത് കോപറേറ്റീവ് ഫെഡറലിസത്തെ സഹായിക്കും. - മോദി പറഞ്ഞു.

'നികുതി കുറയ്ക്കാത്ത ഏഴു സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 11945 കോടി രൂപയാണ് അധികം സമ്പാദിച്ചത്. കർണാടക നികുതി കുറച്ചില്ലായിരുന്നെങ്കിൽ ആറു മാസത്തിനുള്ളിൽ അയ്യായിരം കോടിയുടെ അധിക വരുമാനം കണ്ടെത്തുമായിരുന്നു. ഗുജറാത്ത് 3500 മുതൽ നാലായിരം കോടി വരെ അധികവരുമാനം നേടുമായിരുന്നു.കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്.' - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മറുപടിയുമായി കേരളവും 

മോദിക്ക് മറുപടിയുമായി കേരള ധനമന്ത്രി കെഎൻ ബാലഗോപാലും രംഗത്തെത്തി. കേരളം ആറു വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം പിരിക്കുന്ന സർ ചാർജും സെസും അവർ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങൾ എങ്ങനെ കുറക്കുമെന്നും മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹത്തെപ്പോലൊരാൾ രാഷ്ട്രീയം പറയാൻ പാടില്ലെന്നും ധനമന്ത്രി വിമർശിച്ചു. ബന്ധപ്പെട്ട വേദികളിൽ പ്രശ്‌നം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News