ലഡാക് യാത്ര; രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിമാർ!
കശ്മീരിൽ ബൈക്കില്‍ സഞ്ചരിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ന്യൂഡൽഹി: ലഡാക്കിലെ ലേയിൽനിന്ന് പാംഗോങ്ങിലേക്ക് യാത്ര ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പ്രൽഹാദ് ജോഷിയും. ഹിമാലയൻ മേഖലയിൽ നരേന്ദ്രമോദി സർക്കാർ നിർമിച്ച റോഡുകളെ പ്രൊമോട്ട് ചെയ്തതിനാണ് റിജിജു രാഹുലിനെ നന്ദി അറിയിച്ചത്.
2012ലെയും 2023ലെയും റോഡുകൾ താരതമ്യം ചെയ്ത വീഡിയോ ആണ് റിജിജു പങ്കുവച്ചത്. 'നരേന്ദ്ര മോദി സർക്കാർ നിർമിച്ച മികച്ച റോഡുകളെ പ്രൊമോട്ട് ചെയ്തതിന് നന്ദി. കശ്മീരിലെ ടൂറിസം എങ്ങനെ പ്രദർശിപ്പിക്കാം എന്ന് അദ്ദേഹം കാണിച്ചു തന്നിരുന്നു. ഇപ്പോൾ ശ്രീനഗറിലെ ലാൽ ചൗക്കിൽ നമ്മുടെ ദേശീയ പതാക സമാധാനപരമായി എങ്ങനെ ഉയർത്താമെന്നും അദ്ദേഹം ഓർമിപ്പിച്ചു' - വീഡിയോക്ക് അടിക്കുറിപ്പായി അദ്ദേഹം കുറിച്ചു.
'ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശേഷം ലേയും ലഡാക്കും കാണാനും അതേക്കുറിച്ച് പ്രചരിപ്പിക്കാനും രാഹുൽ ഗാന്ധി നേരിട്ട് കശ്മീർ താഴ്‌വരയിലേക്ക് യാത്ര നടത്തി. അദ്ദേഹത്തിന്റെ യാത്രയുടെ നേർക്കാഴ്ചകൾ കണ്ട് ഞങ്ങളും ആഹ്ലാദിക്കുന്നു' എന്നാണ് പാർലമെന്ററി വകുപ്പു മന്ത്രി പ്രൽഹാദ് ജോഷിയുടെ കുറിപ്പ്.
പ്രത്യേക ഭരണഘടനാ പദവി ഒഴിവാക്കി കേന്ദ്ര ഭരണ പ്രദേശമായ ശേഷം രാഹുൽ നടത്തുന്ന ആദ്യത്തെ കശ്മീർ യാത്രയാണിത്. അടുത്തയാഴ്ച രാഹുൽ കാർഗിൽ സന്ദർശിക്കും. ബൈക്കിൽ കശ്മീരിൽ സഞ്ചരിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി യാത്ര ചെയ്ത റോഡ് മോദി ഭരണകാലത്ത് നിർമിച്ചവയല്ല എന്നും അതിനു മുമ്പു തന്നെ മേഖലയിൽ മികച്ച റോഡുകളുണ്ടായിരുന്നു എന്നും ചില ട്വിറ്റർ യൂസർമാർ ചൂണ്ടിക്കാട്ടുന്നു. 2012ൽ പുറത്തിറങ്ങിയ ജബ് തക് ഹൈ ജാൻ എന്ന ഷാറൂഖ് ചിത്രത്തിൽ ഈ റോഡ് കാണിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.