ഉത്തർ പ്രദേശിൽ പൊലീസ് റെയ്‌ഡിൽ വ്യാപാരി മരിച്ചു
മനീഷ് കുമാറിന്റേത് അപകട മരണമാണെന്നാണ് പൊലീസ് ഭാഷ്യം
ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലെ ഹോട്ടലിൽ ഇന്നലെ രാത്രി നടന്ന പൊലീസ് റെയ്ഡിന് ശേഷം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കാൺപൂർ സ്വദേശി മനീഷ് കുമാർ ഗുപ്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വ്യാപാരിയെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മനീഷ് കുമാറിന്റേത് അപകട മരണമാണെന്നാണ് പൊലീസ് ഭാഷ്യം. മനീഷ് കുമാറും മറ്റു രണ്ട് ബിസിനസ് പങ്കാളികളുമാണ് റെയ്ഡ് നടക്കുമ്പോൾ റൂമിലുണ്ടായിരുന്നത്. ഗോരഖ്പൂരിൽ തങ്ങളുടെ ഒരു സുഹൃത്തിനെ കാണാനാണ് ഇവരെത്തിയത്.
" ഞങ്ങൾ മൂന്ന് പേരും ഉറങ്ങുകയായിരുന്നു. പുലർച്ചെ പന്ത്രണ്ടരയോടെ റൂമിന്റെ ബെല്ലടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ അഞ്ചോ ഏഴോ പൊലീസുകാർ റൂമിലേക്ക് വരികയും ഞങ്ങളോട് തിരിച്ചറിയൽ രേഖകൾ ചോദിച്ചു. ഞാൻ എന്റെ ഐ.ഡി കാണിക്കുകയും മനീഷിനെ വിളിച്ചുണർത്തുകയുംചെയ്തു. ഈ രാത്രി എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്ന് മനീഷ് അവരോട് ചോദിച്ചു. അത് കേട്ട പൊലീസ് ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി." റൂമിൽ മനീഷിനൊപ്പമുണ്ടായിരുന്ന ഗുഡ്ഗാവ് സ്വദേശി ഹർവീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
"അവർ മദ്യപിച്ചിരുന്നു. അവരിലൊരാൾ എന്നെ അടിച്ചു. എന്നിട്ട് എന്നെ പോലീസുകാർ റൂമിന് പുറത്തേക്ക് കൊണ്ട് പോയി. കുറച്ചു കഴിഞ്ഞ് പോലീസുകാർ മനീഷിനെ റൂമിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വരുന്നതാണ് ഞാൻ കണ്ടത്.അവന്റെ മുഖത്ത് മുഴുവൻ ചോരയായിരുന്നു" ഹർവീർ സിംഗ് പറഞ്ഞു.
എന്നാൽ മൂന്ന് വ്യത്യസ്ത നഗരത്തിൽ നിന്നുള്ളവർ സംശയകരമായ സാഹചര്യത്തിൽ ഹോട്ടലിൽ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ റെയ്‌ഡ് നടത്തിയതെന്നും മനീഷ് മരിച്ചത് റൂമിലുണ്ടായ അപകടത്തിലായിരുന്നുവെന്നും ഗോരഖ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.