ഡൽഹിയിൽ മുസ്‍ലിം നേതാക്കളുടെ സംയുക്ത യോഗം
ഡൽഹി ജാമിഅ നഗറിലാണ് മുസ്‍ലിം സംഘടനാ, സാമുദായിക നേതാക്കളുടെ യോഗം നടക്കുന്നത്. കേരളത്തിൽനിന്ന് ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ, പോപുലർ ഫ്രണ്ട്, വിവിധ സലഫി സംഘടനകൾ എന്നിവയെ പ്രതിനിധീകരിച്ചും നേതാക്കൾ പങ്കെടുക്കുന്നുണ്ട്
ഡൽഹിയിൽ വിവിധ മുസ്‍ലിം നേതാക്കളുടെ സംയുക്ത യോഗം പുരോഗമിക്കുന്നു. ഡൽഹി ജാമിഅ നഗറിലെ ഹോട്ടലിലാണ് ഇന്നു വിവിധ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ യോഗം നടക്കുന്നത്.
രാജ്യത്ത് മുസ്‍ലിംകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും സാമുദായിക ഐക്യത്തിനുള്ള വഴികൾ തേടിയുമാണ് യോഗം വിളിച്ചുചേർത്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി 'മുസ്‍ലിം മിറര്‍' റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രമുഖ 16 മുസ്‍ലിം സംഘടനാ, സാമുദായിക നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് പ്രസിഡന്റ് മൗലാന സയ്യിദ് റാബി ഹസനി നദ്‌വി, ഇരു വിഭാഗം ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് പ്രസിഡന്റുമാരായ മൗലാന അർഷദ് മദനി, മൗലാനാ മഹ്‌മൂദ് മദനി, ജമാഅത്തെ ഇസ്‍ലാമി അമീർ എൻജിനീയർ സആദത്തുല്ല ഹുസൈനി, ദാറുൽ ഉലൂം ദയൂബന്ദ് റെക്ടർ മുഫ്തി അബുൽ ഖാസിം, നവീദ് ഹാമിദ്(ആൾ ഇന്ത്യാ മുസ്‍ലിം മജ്‌ലിസെ മുശാവറാത്ത്), മൗലാന കൽബെ ജവാദ്(ആൾ ഇന്ത്യാ മില്ലി കൗൺസിൽ), മൗലാന അഷ്‌റഫ് കച്ചൂച്ചുവി(ഉലമ ആൻഡ് മശാഇഖ് ബോർഡ്), മൗലാന അബ്ദുല്ല മഗീസി തുടങ്ങിയ നേതാക്കൾ ഇതിൽ ഉള്‍പ്പെടും. റസ അക്കാദമി, പോപുലർ ഫ്രണ്ട്, കേരളത്തില്‍നിന്നുള്ള ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ, വിവിധ സലഫി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് 'മുസ്‍ലിം മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് വലതുപക്ഷം അധികാരത്തിലേറിയ ശേഷം മുസ്‍ലിം യുവാക്കളും മതസംഘടനകളും അകപ്പെട്ട നിരാശയിൽനിന്നും പ്രതിസന്ധികളിൽനിന്നും കരകയറാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. യുവാക്കൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും പകരുകയാണ് യോഗം ലക്ഷ്യമിടുന്നത്. അതേസമയം, ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗമെന്നും റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയിൽ തന്നെ നിർണായകമായ തെരഞ്ഞെടുപ്പിൽ മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചുപോകാതെ ഏകീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
എന്നാൽ, യോഗത്തിന് യുപി തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ഒരു നേതാവ് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യോഗത്തിനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും കോവിഡ് കാരണം നീണ്ടുപോയതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.