യുപിയിലെ മെഡിക്കല്‍ ക്യാമ്പില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; ആറുപേര്‍ ആശുപത്രിയില്‍
ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നടത്തിയ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് നിരവധി പേര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം ആറുപേര്‍ക്കാണ് അസുഖം ബാധിച്ചത്.
രോഗികളില്‍ ഉള്‍പ്പെട്ട ഗര്‍ഭിണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. സംഭവത്തില്‍ ഫിറോസാബാദ് ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവര്‍ക്കായി അംരി ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കടുത്ത പനിയുള്ള 150 കുട്ടികളടക്കം 200 പേര്‍ക്കാണ് ക്യാമ്പില്‍ വെച്ച് മരുന്ന് നല്‍കിയത്.
മരുന്ന് കുടിച്ച ശേഷം മൂന്ന് കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ക്ക് അസുഖം ബാധിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷിക്കോഹാബാദ് എസ്ഡിഎം ദേവേന്ദ്ര പാല്‍ സിങ് പറഞ്ഞു. മുന്‍പ് അജ്ഞാത രോഗം പടര്‍ന്ന് പിടിച്ച് നിരവധിയാളുകള്‍ മരിച്ചുവീണ സ്ഥലമാണ് ഫിറോസാബാദ്.