'ഗോൾ ഇൻ സാരി': മൈതാനത്ത് സാരിയുടുത്ത് ഫുട്‌ബോൾ കളിച്ച് വനിതകൾ; കൈയടിച്ച് സോഷ്യൽമീഡിയ

20 വയസിനും 72 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കളിക്കളത്തിലിറങ്ങിയത്

Update: 2023-04-03 06:39 GMT
Editor : Lissy P | By : Web Desk
Advertising

ഇൻഡോർ: കഴിഞ്ഞയാഴ്ച ഇൻഡോറിൽ നടന്ന ഒരു ഫുട്‌ബോൾ ടൂർണമെന്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'ഗോൾ ഇൻ സാരി' എന്ന് പേരിട്ട ടൂർണമെന്റിൽ മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ നിന്നുള്ള എട്ട് വനിതാ ടീമുകൾ പങ്കെടുത്തു. പേര് സൂചിപ്പിക്കുന്നത് പോലെ, മത്സരങ്ങളിൽ പങ്കെടുത്തവരെല്ലാം സ്‌പോർട്‌സ് ജേഴ്‌സിക്ക് പകരം സാരിയാണ് ധരിച്ചിരുന്നത്. മൈതാനത്ത് വളരെ അനായാസമായാണ് വനിതകൾ ഫുട്‌ബോൾ കളിച്ചിരുന്നത്.

20 വയസിനും 72 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കളിക്കളത്തിലിറങ്ങിയത്. ടൂർണമെന്റിലെ ഒരു മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായ കിഷോർ കന്യാലാണ് മത്സരം നിയന്ത്രിക്കുന്നത്. മത്സരം നടക്കുമ്പോൾ കാണികൾ കളിക്കാരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകനായ പ്രഭു പാടേരിയ എന്നയാളാണ് മത്സരത്തിന്റെ വീഡിയോ സോഷ്യൽമീഡിയിൽ പങ്കുവെച്ചത്. മാർച്ച് 29 ന് പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കളിക്കാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സാരിയുടുത്ത് ഫുട്‌ബോൾ കളിക്കുക എന്നത് അത്രഎളുപ്പമുള്ള കാര്യമല്ല. പക്ഷേ കളിക്കാർ ആ ചിന്തകളെയെല്ലാം മാറ്റിമറിച്ചെന്ന് സാമൂഹ്യപ്രവർത്തകയും ടൂർണമെന്റിന്റെ സംഘാടക കൂടിയായ അഞ്ജലി ഗുപ്ത ബത്ര പറഞ്ഞു. അടുത്ത ടൂർണമെന്റിൽ കൂടുതൽ ഇടങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജില്ലാതലങ്ങളിൽ മത്സരം നടത്തി പിന്നീടത് വലിയ ടൂർണമെന്റാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അഞ്ജലി ഗുപ്ത ബത്രയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ടൂർണമെന്റിന്റെ രണ്ടാം പതിപ്പായിരുന്നു ഇത്. മാർച്ച് 25, മാർച്ച് 26 തീയതികളിൽ നടന്ന മത്സരം സ്‌പോൺസർ ചെയ്തത്  ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷനും ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ സീനിയർ മെമ്പർ അസോസിയേഷനുമായിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News