രാഷ്ട്രീയ ഗോദയിലേക്ക്; കോൺഗ്രസിൽ അംഗത്വമെടുത്ത് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
കോൺഗ്രസിന് ഇത് അഭിമാനകരമായ നിമിഷമെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ചു. ഇത് കോൺഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
തങ്ങളുടെ പോരാട്ടം തുടരുമെന്നും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കോൺഗ്രസിനെയും, രാജ്യത്തെയും ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുമെന്നു ബജ്‍രംഗ് പുനിയയും പറഞ്ഞു. ഇരുവരും ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായേക്കും.
രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവരുടെ തീരുമാനം വ്യക്തിപരമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക് അഭിപ്രായപ്പെട്ടു. തനിക്കും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തങ്ങളുടെ സമരങ്ങൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും സാക്ഷി മാലിക്ക് പറഞ്ഞു.
ബുധനാഴ്ച ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023-ൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഇരുവരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഫോഗട്ട് എത്തിയിരുന്നു.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ഭരണവിരുദ്ധ വികാരം തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് ബിജെപിക്ക് വലിയ തലവേദനയാകും. ഇതിനിടെ വിനേഷ് ഫോഗട്ട് കൂടി എത്തുന്നതോടെ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളും ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങളും വലിയ ചർച്ചയാകുമെന്നുറപ്പാണ്.