മാധ്യമപ്രവർത്തകർ വിദ്വേഷവും നുണയും പ്രചരിപ്പിക്കുമ്പോൾ അത് ജനാധിപത്യത്തിന്റെ കൊലക്കത്തിയാകുന്നു; രവീഷ് കുമാർ

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും ജനാധിപത്യത്തിനും മനുഷ്യത്വത്തിനും അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2024-06-21 05:51 GMT
Advertising

ന്യൂഡൽഹി: വിദ്വേഷവും നുണയും പ്രചരിപ്പിക്കുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകനും എൻഡിടിവി മുൻ സീനിയര്‍ എകിസ്‌ക്യുട്ടീവ് എഡിറ്ററുമായ രവീഷ് കുമാർ. ഒരു മാധ്യമപ്രവർത്തകൻ വിദ്വേഷവും നുണയും പ്രചരിപ്പിക്കുന്നവനും ആൾക്കൂട്ടക്കൊലപാതകം പ്രേരിപ്പിക്കുന്നവനും സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നവനും ആകുമ്പോൾ അയാൾ ജനാധിപത്യത്തെ വകവരുത്താനുള്ള ആയുധമായി മാറുന്നതായി അദ്ദേഹം തുറന്നടിച്ചു.

നൂറുകണക്കിന് വാർത്താ ചാനലുകൾ ഈ രീതി ആവർത്തിക്കുമ്പോൾ, അവ മനുഷ്യത്വത്തെ കൊല്ലാനുള്ള ആയുധമായി മാറുന്നതായും രവീഷ് കുമാർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും ജനാധിപത്യത്തിനും മനുഷ്യത്വത്തിനും അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയയിലെ ബെവർലി വിൽഷെയർ ഹോട്ടലിൽ നടന്ന പീബോഡി അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ക്രിമിനൽ മുഖ്യധാരാ മാധ്യമങ്ങൾ കാരണം ഒരുപാട് കഷ്ടതകൾ സഹിച്ച എന്റെ ഭാര്യ നയന, ധീരരായ എന്റെ മക്കൾ തനിമ, തനിഷ, നിരാശയും നിസ്സഹായതയും നിരാലംബതയും അനുഭവിച്ച എന്റെ ദശലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ഇവരെയെല്ലാം ഞാൻ ഈ നിമിഷം ഓർക്കുന്നു'.

'പ്രതീക്ഷ തേടി വന്ന അവർ എന്നെ പിന്തുണച്ചു. എനിക്ക് മാധ്യമപ്രവർത്തനം നടത്താനുള്ള പ്രതീക്ഷ നൽകി. നിങ്ങൾക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ദയവായി മാധ്യമപ്രവർത്തനത്തെ പിന്തുണയ്ക്കുക. നിങ്ങൾക്ക് മികച്ചൊരു ജനാധിപത്യം ലഭിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയ് ശുക്ലയുടെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ 'വൈൽ വീ വാച്ച്ഡ്' എന്ന ഡോക്യുമെന്ററിക്കായിരുന്നു പീബോഡി അവാർഡ്. രവീഷ് കുമാറിന്റെ മാധ്യമപ്രവർത്തന ജീവിതം പ്രമേയമാക്കി ഇന്ത്യയിലെ പത്രപ്രവർത്തന സ്വാതന്ത്ര്യവും വെല്ലുവിളികളുമുൾപ്പെടെ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിയാണ് 'വൈൽ വീ വാച്ച്ഡ്'.

എൻഡിടിവി അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022ൽ രവീഷ് കുമാർ രാജിവച്ചത്. 2022 നവംബറിൽ എൻഡിടിവിയുടെ സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനം രാജിവയ്ക്കുമ്പോൾ ഏഴു ലക്ഷം മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പിന്നീട് കുത്തനെ കുതിച്ചുയരുന്നതാണ് കണ്ടത്. ചാനൽ തുടങ്ങി 18 മാസം കൊണ്ട് 10 ദശലക്ഷം സബ്സ്ക്രൈബേഴ്സ് ആയി.

നിലവിൽ 11.1 മില്യൺ ആണ് സബ്സ്ക്രൈബർമാരുടെ എണ്ണം. ഓരോ വീഡിയോകൾക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ‌നേരത്തെ, എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആറിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ് ലിമിറ്റഡ്) ഓഹരികള്‍ വിസിപിഎല്ലിനു കൈമാറിയതിനു പിന്നാലെ പ്രണോയ് റോയിയും രാധികാ റോയിയും എന്‍ഡിടിവിയിലെ ബോര്‍ഡ് അംഗത്വം രാജിവച്ചിരുന്നു.

പിന്നീട്, പുതിയ ഉടമകളായ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി മൂന്ന് ഡയറക്ടര്‍മാര്‍ ബോര്‍ഡിലെത്തിയതിനു തൊട്ടുപിന്നാലെയാണ് എന്‍ഡിടിവിയുടെ ഹിന്ദി പതിപ്പിന്റെ മുഖമായിരുന്ന രവീഷ് കുമാര്‍ സ്ഥാപനത്തിൽ നിന്നും പൂർണമായും സ്ഥാനമൊഴിഞ്ഞത്. മാഗ്‌സസെ അവാര്‍ഡ് ജേതാവായ രവീഷ് കുമാർ, 1996 ഓഗസ്റ്റ് 23ന് വിവർത്തകനായാണ് എൻഡിടിവിയിൽ ജോലിക്ക് കയറുന്നത്. തുടർന്ന് 26 വർഷം നീണ്ട സേവനം അവസാനിപ്പിച്ച് നിലപാടുകൾ ഉയർത്തിപ്പിടിച്ച് പടിയിറങ്ങുകയായിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News