'മണിപ്പൂർ കത്തുമ്പോൾ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയാണ്'; രൂക്ഷവിമർശനവുമായി ദി‍ഗ്‍വിജയ സിംഗ്

'റോം കത്തുമ്പോള്‍ വയലിന്‍ വായിച്ച നീറോ ചക്രവര്‍ത്തിയെ മോദി ഓര്‍മിപ്പിക്കുന്നു'

Update: 2023-06-22 06:06 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മണിപ്പൂരിൽ ഒന്നരമാസമായി തുടരുന്ന സംഘർഷങ്ങളിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദി‍ഗ്‍വിജയ സിംഗ്. മണിപ്പൂരിൽ ഇത്രയും സംഘർഷം നടക്കുമ്പോൾ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനത്തെയും യോഗാഭ്യാസത്തെയും ദി‍ഗ്‍വിജയ സിംഗ് വിമർശിച്ചു.

മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യു.എന്നിൽ യോഗ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ലഷ്‌കറെ തൊയ്ബ ഭീകരനും 2008ലെ മുംബൈ ആക്രമണക്കേസിലെ പ്രതിയുമായ സാജിദ് മിറിനെ ആഗോള ഭീകരനായി കരിമ്പട്ടികയിൽ പെടുത്താനുള്ള നിർദ്ദേശം ചൈന തടഞ്ഞതിനെയും ദി‍ഗ്‍വിജയ സിംഗ് ട്വിറ്ററിൽ വിമർശിച്ചു.

മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നു. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ചൈന തടയുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നു. റോം കത്തുമ്പോള്‍ വയലിന്‍ വായിച്ച  നീറോ ചക്രവര്‍ത്തിയെ മോദി ഓര്‍മിപ്പിക്കുന്നുണ്ടോ?   മോദി ഭരണം നീറോ റൂളിന് സമാനമല്ലേ?,' പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ദി‍ഗ്‍വിജയ സിംഗ് ട്വീറ്റ് ചെയ്തു.

മണിപ്പൂർ സംഘർഷത്തിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. മോദിയുടെ സമീപനം ദൗർഭാഗ്യകരമെന്നും സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

മണിപ്പൂരിൽ കഴിഞ്ഞ ഒന്നരമാരമായി രൂക്ഷമായ സംഘർഷം തുടരുമ്പോൾ പ്രധാനമന്ത്രി ഒരു സമാധാന ആഹ്വാനം പോലും നടത്താതെ വിദേശയാത്ര നടത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്താൻ. വംശീയ സംഘർഷങ്ങളിൽ ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി മോദിയാണ് നേതൃത്വം നൽകിയത്. 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News