ഉദ്ധവിന് ശേഷം ആര്? സേനാ വിമതർ ഗവർണറെ കാണും, കാത്തിരിക്കാൻ ബിജെപി

വിശ്വാസ വോട്ട് തേടണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത്

Update: 2022-06-30 06:02 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ ഗവർണർ ഭഗത് സിങ് കോഷ്യാരിയെ കാണാനൊരുങ്ങി ശിവസേനാ വിമതർ. ഗോവയിൽനിന്ന് ബുധനാഴ്ച രാത്രിയാണ് വിമതർ മുംബൈയിലെത്തിയത്. പുതിയ സർക്കാർ രൂപവത്കരിക്കാൻ 170 എംഎൽഎമാരുടെ പിന്തുണയുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം.

വിമതനീക്കത്തിന് നേതൃത്വം നൽകിയ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലായിരിക്കും വിമതർ ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. ഇതുവരെ ബിജെപി സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ 170 പേരുടെ പിന്തുണക്കത്ത് ഗവർണർക്ക് സമർപ്പിക്കുമെന്ന് പാർട്ടി നേതാവ് ഗിരീഷ് മഹാജൻ വ്യക്തമാക്കി. 

മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച വൈകിട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മറാത്തയിൽ പറഞ്ഞ വാക്കുകൾ മഹാരാഷ്ട്ര ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'പുതിയ മഹാരാഷ്ട്രയുടെ സൃഷ്ടിക്കായി ഞാൻ വീണ്ടും വരും! ജയ് മഹാരാഷ്ട്ര' എന്നാണ് വീഡിയോയിൽ പറയുന്നത്. ഏക്‌നാഥ് ഷിൻഡെ ഫഡ്‌നാവിസിന്റെ ഡെപ്യൂട്ടിയാകും എന്നാണ് കരുതപ്പെടുന്നത്.

അതിനിടെ, സേനയുമായി പിരിഞ്ഞ് ബിജെപിയിൽ ലയിക്കുന്നത് സംബന്ധിച്ചോ പുതിയ പാർട്ടി രൂപവത്കരിക്കുന്നത് സംബന്ധിച്ചിട്ടോ വിമതർ വ്യക്തമായ നിലപാടെടുത്തിട്ടില്ല. യഥാർത്ഥ ശിവസേന തങ്ങളാണ്, ഉദ്ധവിന്റെ നേതൃത്വത്തിലുള്ള പാർട്ടി ന്യൂനപക്ഷമായി എന്നാണ് വിമതരുടെ വാദം. ഉദ്ധവിന്റെ രാജി തങ്ങൾക്ക് ആഹ്ലാദം പകരുന്ന വാർത്തയല്ലെന്ന് വിമതരുടെ വക്താവ് ദീപക് കേസർക്കാർ എംഎൽഎ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് വിശ്വാസ വോട്ട് തേടണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഗവർണർ കോഷ്യാരിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജി സ്വീകരിച്ച ഗവർണർ കെയർടേക്കർ മുഖ്യമന്ത്രിയായി ഉദ്ധവിനെ നിയോഗിക്കുകയും ചെയ്തു.

'മുഖ്യമന്ത്രി പദത്തിൽനിന്ന് ഞാൻ രാജിവയ്ക്കുകയാണ്. നാളെ വീഴാനിടയുള്ള ശിവ് സൈനികരുടെ രക്തത്തിൽ ഒരു പങ്കുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നാണ് രാജി പ്രഖ്യാപനം നടത്തിയ ഫേസ്ബുക്ക് ലൈവിൽ ഉദ്ധവ് പറഞ്ഞത്. ആരെയാണോ തങ്ങൾ വളർത്തിക്കൊണ്ടു വന്നത് അവരാണ് വഞ്ചിച്ചതെന്നും വിമതരെ ഉദ്ദേശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News