'മാനസിക പീഡനം, പക്ഷപാതപരമായ അന്വേഷണം.. തരൂരിനുണ്ടായ നഷ്ടം ആര് നികത്തും?' കപില്‍ സിബല്‍
'തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ശശി തരൂര്‍ നിരപരാധിയാണെന്നും ഡൽഹി പൊലീസ് തെറ്റ് ചെയ്തെന്നും തെളിഞ്ഞു'
സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് എംപി ശശി തരൂരിനെ കോടതി കുറ്റമുക്തനാക്കിയതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. തരൂരിന്‍റെ യശസ്സിനേറ്റ കളങ്കത്തിന് ആരാണ് നഷ്ടപരിഹാരം നല്‍കുക എന്നാണ് കപില്‍ സിബലിന്‍റെ ചോദ്യം.
'തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ശശി തരൂര്‍ നിരപരാധിയാണെന്നും ഡൽഹി പൊലീസ് തെറ്റ് ചെയ്തെന്നും തെളിഞ്ഞു. ഇത്രനാളും അദ്ദേഹം നേരിടേണ്ടിവന്ന പീഡനം, പക്ഷപാതപരമായ അന്വേഷണം, അദ്ദേഹത്തിന്‍റെ യശസ്സിനേറ്റ തകർച്ച... ആരാണ് ഇതിനെല്ലാം നഷ്ടപരിഹാരം നൽകുക?'- എന്നാണ് കപില്‍ സിബലിന്‍റെ ട്വീറ്റ്.
സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ പ്രതി ചേർക്കാനാവില്ലെന്നാണ് ഇന്നലെ ഡല്‍ഹി റോസ് അവന്യു കോടതി വ്യക്തമാക്കിയത്. തരൂരിന് മേല്‍ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തണം എന്നത് അടക്കമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ഹോട്ടലില്‍ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴര വ൪ഷത്തിന് ശേഷമാണ് ശശി തരൂരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊലപാതകം, ആത്മഹത്യ പ്രേരണ, നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഡൽഹി പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ കുറ്റങ്ങൾ പ്രാഥമികമായി പോലും നിലനിൽക്കുന്നതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ആത്മഹത്യയാണ് മരണ കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വിശദമായ വിചാരണ അ൪ഹിക്കുന്ന കേസാണിതെന്ന വാദവും കോടതി തള്ളി.
ആത്മഹത്യയാണെന്ന് തെളിയിക്കാനാകാത്ത കേസിൽ എങ്ങനെയാണ് ആത്മഹത്യ പ്രേരണ നിലനിൽക്കുകയെന്ന തരൂരിന്റെ വാദം കോടതി മുഖവിലക്കെടുത്തു. മരണ കാരണം കണ്ടെത്തുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വിഷം കുത്തിവെച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്ന തരൂരിന്റെ വാദം ശരിവെച്ചാണ് കോടതിയുടെ ഉത്തരവ്.