'ജീവന് ഭീഷണിയുണ്ടായിട്ടും സിദ്ദു മൂസേവാലയുടെ സുരക്ഷ എന്തിനു പിൻവലിച്ചു'; പഞ്ചാബ് സർക്കാറിനോട് ഹൈക്കോടതി
ഗുണ്ടാസംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള മത്സരമാണ് സിദ്ദുവിന്റെ കൊലപാതകത്തിന് കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വി കെ ബവ്‌റ മാധ്യമങ്ങളോട് പറഞ്ഞു
ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും കൊല്ലപ്പെട്ട ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ സുരക്ഷ എന്തിനു പിൻവലിച്ചുവെന്ന് പഞ്ചാബ് സർക്കാരിനോട് ഹൈക്കോടിതിയുടെ ചോദ്യം. കാരണം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇക്കാര്യം സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. കമന്റോകളുടെ എണ്ണം നാലിൽ നിന്ന് രണ്ടായി കുറച്ചതിനു പിന്നാലെയായിരുന്നു മൂസേവാലയുടെ കൊലപാതകം.
മൂസേവാലയുടെ കൊലപാതകത്തിൽ പഞ്ചാബ് പൊലീസ് മൻപ്രീത് സിങ്ങ് എന്നയാളെ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറിയപ്പെടുന്ന മയക്കുമരുന്ന് വ്യാപാരിയാണ് അറസ്റ്റിലായ മൻപ്രീത് സിങ്ങ്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ലോറൻസ് ബിഷ്ണോയി സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്. 2021 ഓഗസ്റ്റിൽ മൊഹാലിയിൽ വെടിയേറ്റ് മരിച്ച അകാലിദൾ നേതാവിന്റെ കൊലപാതകത്തിൽ സിദ്ദു മൂസേവാലയ്ക്ക് പങ്കുണ്ടെന്നും ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൊലപാതകം നടത്തിയതെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ അംഗം ഗോൾഡി ബ്രാർ ഫേയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
ഗുണ്ടാസംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള മത്സരമാണ് സിദ്ദുവിന്റെ കൊലപാതകത്തിന് കാരണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വി കെ ബവ്‌റ മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴാണ് സിദ്ദുവിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.