യുപിയിൽ എസ്പിയുമായും ബിഎസ്പിയുമായും കൂട്ടിനില്ല; സഖ്യം ചെറുകക്ഷികളോട് മാത്രമെന്ന് കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന എതിരാളിയായി ജനങ്ങൾ കാണുന്നത് കോൺഗ്രസിനെയാണെന്ന് യുപി ഉത്തർപ്രദേശ് അധ്യക്ഷൻ അജയ്കുമാർ ലല്ലു പറഞ്ഞു
വിളിപ്പാടകലെയുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യസാധ്യതകളെക്കുറിച്ചുള്ള ചർച്ചയിൽ പ്രതികരിച്ച് കോൺഗ്രസ്. എസ്പി, ബിഎസ്പി അടക്കമുള്ള വലിയ പാർട്ടികളുമായി കൈകോർക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് ഉത്തർപ്രദേശ് അധ്യക്ഷൻ അജയ്കുമാർ ലല്ലു. ചെറുപാർട്ടികളുമായി മാത്രമേ സഖ്യമുണ്ടാകൂവെന്ന് അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ വലിയ കക്ഷികളുമായി കൈകോർക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല. കോൺഗ്രസ് അധികാരത്തിലില്ലാത്ത കഴിഞ്ഞ 32 വർഷം യുപി ഭരിച്ച ബിജെപി, എസ്പി, ബിഎസ്പി പാർട്ടികൾക്കൊന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരവിനൊരുങ്ങുകയുമാണ്-പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അജയ്കുമാർ വ്യക്തമാക്കി.
അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന എതിരാളിയായി ജനങ്ങൾ കാണുന്നത് കോൺഗ്രസിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും അജയ്കുമാർ ലല്ലു കൂട്ടിച്ചേർത്തു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയുമായി സഖ്യം ചേർന്നെങ്കിലും കോൺഗ്രസ് അമ്പേ പരാജയമായിരുന്നു. 403ൽ എസ്പിക്ക് 47ഉം കോൺഗ്രസിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. സഖ്യം കൂടാതെ തന്നെ ബിഎസ്പി 19 ഇടത്ത് ജയിച്ചിരുന്നു.