ഡൽഹി സർക്കാരിനെതിരായ കേന്ദ്ര നീക്കത്തിൽ എ.എ.പിയെ പിന്തുണക്കുമോ?; നിലപാട് വ്യക്തമാക്കി കോൺഗ്രസ്
ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച സുപ്രിംകോടതി വിധി മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ന്യൂഡൽഹി: ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള അധികാരത്തർക്കത്തിൽ കൂട്ടായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും അടക്കമുള്ള വിഷയത്തിൽ ഡൽഹി ഭരണകൂടത്തിനാണ് അധികാരമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഓർഡിനൻസ് രാജ്യസഭ കടക്കാതിരിക്കാൻ പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.
ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് എന്തെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ഘടകങ്ങളുമായും സമാന മനസ്‌കരായ മറ്റു പാർട്ടികളുമായും ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും വേണുഗോപാൽ ട്വീറ്റ് ചെയ്തു.
The Congress Party has not taken any decision on the issue of the Ordinance brought against the SC judgment on the powers of the Government of NCT of Delhi with respect to appointment of officers. It will consult its state units & other like-minded parties on the same.
— K C Venugopal (@kcvenugopalmp) May 22, 2023
The Party…
കോൺഗ്രസ് ഡൽഹി സർക്കാരിനെ പിന്തുണക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരുമായി ഇടപെടുന്നതിൽ 'ഷീലാ ദീക്ഷിത് മോഡൽ' സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കെജ്‌രിവാളിനോട് നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥരോട് തെറ്റായ രീതിയിൽ പെരുമാറുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഡൽഹിയിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തെ കോൺഗ്രസ് ജാഗ്രതയോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറിയുടെ നിലവാരത്തിലേക്ക് എത്തിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ചില കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ജൂലൈയിൽ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഇത് നിയമമാക്കാനാണ് കേന്ദ്രനീക്കം. രാജ്യസഭയിൽ ഈ നീക്കം പരാജയപ്പെടുത്താൻ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് കെജ്‌രിവാൾ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവരുമായും അദ്ദേഹം അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും.