ശിവസേനയിലെ വിമത എം.എൽഎമാരെ അയോഗ്യരാക്കാൻ നീക്കം: സഭയിൽ വിശ്വാസം തെളിയിക്കാമെന്ന് എൻ.സി.പി
തങ്ങൾ ഉദ്ധവ് താക്കറയ്ക്കൊപ്പം നിൽക്കുകയാണെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ
മുംബൈ:ശിവസേനയിലെ വിമത എം.എൽ.എമാരെ അയോഗ്യാരാക്കാൻ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേതാണ് തീരുമാനം. നിയമസഭയിൽ വിശ്വാസം തെളിയിക്കാമെന്ന് ശരദ് പവാറും വ്യക്തമാക്കി.
മന്ത്രി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ശിവ സേനയും സഖ്യകക്ഷികളും. 40 നിയമസഭാംഗങ്ങൾ തനിക്കൊപ്പമുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെ പറയുന്നത്. 55 അംഗ ശിവസേനയുടെ 33 എംഎൽഎമാരും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന ഏഴ് സ്വതന്ത്രന്മാരും വിമത ഗ്രൂപ്പിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശിവസേനയ്ക്ക് പിന്തുണയുമായി കോൺഗ്രസും എൻ.സി.പിയും രംഗത്തുണ്ട്. തങ്ങൾ ഉദ്ധവ് താക്കറയ്ക്കൊപ്പം നിൽക്കുകയാണെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വ്യക്തമാക്കി.
ഞങ്ങൾ ഉദ്ധവ് താക്കറെ ജിയെ പൂർണമായി പിന്തുണയ്ക്കുന്നു. സർക്കാരിനെ രക്ഷിക്കാൻ ഞങ്ങൾ എല്ലാം ചെയ്യും,' പവാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അസമിലെ ഗുവാഹത്തി നഗരത്തിലെ ഒരു ഹോട്ടലിൽ ക്യാമ്പ് ചെയ്യുന്ന വിമത എംഎൽഎമാരുടെ നീക്കങ്ങൾ എന്താണെന്നുള്ളത് എൻ.സി.പി നിരീക്ഷിച്ചു വരികയാണ്. 41 ഓളം എംഎൽഎമാരുമായി ഗുവാഹത്തിയിൽ ക്യാമ്പ് ചെയ്യുന്ന ഷിൻഡെ, കഴിഞ്ഞ രണ്ടര വർഷത്തെ സഖ്യ ഭരണത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് സേനാ നേതാക്കളാണെന്ന് പറഞ്ഞു. കോൺഗ്രസുമായും എൻസിപിയുമായും സഖ്യം വേർപെടുത്തണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടിരുന്നു.
മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ എം.വി.എയ്ക്കുള്ള തങ്ങളുടെ പിന്തുണ തുടരുമെന്ന് മഹാരാഷ്ട്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പറഞ്ഞു. പാർട്ടി എംഎൽഎമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.