പ്രിയങ്ക ഗാന്ധി യു.പിയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി?
പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാകും അവർ.
ഉത്തർ പ്രദേശിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് സൂചന. പ്രിയങ്ക തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്. തെരഞ്ഞെടുപ്പിൽ യുവാക്കൾക്കായുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമാരെന്ന ചോദ്യത്തിന് " നിങ്ങൾ മറ്റൊരു മുഖം കാണുന്നുണ്ടോ?" എന്നായിരുന്നു അവരുടെ മറുപടി.
പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുകയാണെങ്കിൽ ഗാന്ധി കുടുംബത്തിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെയാളാകും അവർ. ഉത്തർ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്ക ഗാന്ധിയും സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമൊന്നിച്ച് സംസ്ഥാനത്തെ യുവാക്കൾക്കായുള്ള പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കി. സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ കാഴ്ചപ്പാട് നൽകാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Summary : Will Priyanka be Cong's UP CM Face? Leader Sparks Speculation with Her 'Do You See Any Other Contender' Reply