രാഹുലുണ്ടാകുമോ നാളെ സഭയിൽ? എല്ലാ കണ്ണുകളും പാർലമെന്റിലേക്ക്...
സ്പീക്കറുടെ ഒപ്പ് കിട്ടിയാലുടൻ പാർലമെന്റിലേക്ക് രാഹുലിനെ എത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം
ന്യൂഡൽഹി: 137 ദിവസത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പാർലമെന്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. കോടതി വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി സഭയിലേക്ക് തിരികെയെത്തുന്നതിനുള്ള പേപ്പറുകളടക്കം തയ്യാറായെങ്കിലും സ്പീക്കർ പേപ്പറിൽ ഒപ്പിട്ടിട്ടില്ല.
ലോക്‌സഭാംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് നേരത്തേ വിജ്ഞാപനമിറക്കിയതിനാൽ ഇത് പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനം ആവശ്യമാണ്. ഇതിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കോൺഗ്രസ് കത്ത് നൽകിയിരിക്കുകയാണ്. കത്ത് സ്പീക്കർ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന. കാലതാമസമുണ്ടായാൽ കോൺഗ്രസ് കോടതിയെ സമീപിക്കും. സ്പീക്കറുടെ ഒപ്പ് കിട്ടിയാലുടൻ പാർലമെന്റിലേക്ക് രാഹുലിനെ എത്തിക്കാനാണ് പാർട്ടിയുടെ ശ്രമം.
നേരത്തേ അംഗത്വം റദ്ദാക്കപ്പെട്ട ലക്ഷദ്വീപ് എം.പി പിപി മുഹമ്മദ് ഫൈസൽ ശിക്ഷാവിധി സ്റ്റേ ചെയ്ത് 63 ദിവസത്തിന് ശേഷമാണ് പാർലമെന്റിൽ തിരികെയെത്തിയത്. അംഗത്വം വീണ്ടെടുക്കുന്നതിന് കാലതാമസം നേരിട്ടതിനാൽ ഇദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
മോദി പരാമർശത്തിൽ ആഗസ്റ്റ് 4നാണ് സുപ്രിംകോടതി രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്തത്. പരമാവധി ശിക്ഷ വിധിക്കാൻ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്നു നടത്തിയ പരമാർശമാണ് കേസിനടിസ്ഥാനം. പൂർണേശ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.