'പ്രശ്‌നങ്ങളെല്ലാം തീരാൻ പ്രാർഥിച്ചു': മഹാരാഷ്ട്രയിൽ ചർച്ചയായി അജിത് പവാറിന്റെ അമ്മയുടെ പ്രതികരണം; പവാർ കുടുംബം ഒന്നിക്കുമോ?
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അജിത് പവാറിന്റെ അമ്മയുടെ പ്രതികരണം വരുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവമാക്കി ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അമ്മ ആശതായ് പവാറിന്റെ പ്രതികരണം. തന്റെ മകനും അമ്മാവൻ ശരദ് പവാറും തമ്മിലുള്ള പിണക്കം മാറാൻ വിത്തൽ ഭഗവാനോട് പ്രാർഥിച്ചതായാണ് ആശതായ് പവാര്‍ വെളിപ്പെടുത്തിയത്.
പണ്ഡർപൂരിലെ പ്രശസ്തമായ വിത്തൽ, രുക്മിണി ക്ഷേത്രം കഴിഞ്ഞ ദിവസം ആശതായ് പവാര്‍ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് താന്‍ പ്രാര്‍ഥിച്ചത് എന്തെന്നും രാഷ്ട്രീയത്തിലെ തന്റെ ആഗ്രഹം എന്തെന്നും ആശതായ് വെളിപ്പെടുത്തിയത്.
'പവാർ കുടുംബത്തിനുള്ളിലെ പിണക്കങ്ങളെല്ലാം അവസാനിക്കാനും അജിതും ശരദ് പവാറും വീണ്ടും ഒന്നിക്കാനുമായി ഞാൻ പ്രാർത്ഥിച്ചു. എന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ'- ക്ഷേത്രത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആശതായ് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അവരുടെ പരാമർശം വരുന്നത് . അമ്മാവനായ( അച്ഛന്റെ സഹോദരന്‍) ശരദ് പവാറിന്റെ തണല് പറ്റിയാണ് അജിത് പവാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നതും മുന്നോട്ടുകൊണ്ടുപോയതും. മൂന്ന് പതിറ്റാണ്ടിലേറെ ശരദ് പവാറുമായി ചേര്‍ന്ന് പോയതിനൊടുവില്‍ 2023 ജൂലൈയിലാണ് തെറ്റിപ്പിരിയുന്നതും മറുകണ്ടം ചാടുന്നതും.
പാര്‍ട്ടിയെ നെടുകെ പിളര്‍ത്തി ബിജെപിക്കൊപ്പം പോകുകയും ചെയ്തു. ഒപ്പമുളളവരെ കൊണ്ടുപോയെന്ന് മാത്രമല്ല എന്‍സിപിക്കാര്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ക്ലോക്ക് എന്ന ചിഹ്നം നഷ്ടമാകുകയും ചെയ്തു. നിയമപോരാട്ടത്തിലൂടെയാണ് അജിത് പവാറിന് തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്ക് ലഭിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറാണ് കരുത്ത് കാട്ടിയിരുന്നത്. കാര്യങ്ങള്‍ ശരദിന്റെ വഴിയിലേക്ക് നീങ്ങുന്നു എന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍, ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അത്തരം വിലയിരുത്തലുകളെ മൂലക്കിരുത്തി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ അജിത് പവാര്‍ വന്‍ പരാജയത്തിലേക്കാണ് തള്ളിവിട്ടത്. ഇതോടെ അജിതിനായി, മേല്‍ക്കൈ.
അതേസമയം ആശതായ് പവാറിന്റെ അമ്മയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുകയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം. ശരദ് പവാർ എന്നും ഞങ്ങൾക്ക് അച്ഛനെ പോലെയാണെന്നാണ് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. ജന്മദിനാശംസകൾ നേരാൻ കഴിഞ്ഞ മാസം ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും എന്നാല്‍ അതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ശരദ് പവാറിനെ ഞങ്ങളെന്നും ബഹുമാനിച്ചിരുന്നു. പവാർ കുടുംബം വീണ്ടും ഒന്നിച്ചാൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് എന്‍സിപി നേതാവും മന്ത്രിയുമായ നർഹരി സിർവാളും രംഗത്ത് എത്തി. ഇരുവരും പിരിഞ്ഞപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും ഇനി ഒരുമിച്ചാല്‍ തന്നെപ്പോലെയുള്ള പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശതായ് പവാറിന്റെ പ്രസ്താവനകളോടൊ സംസ്ഥാനത്ത് ഉരുണ്ടുകൂടുന്ന രാഷ്ട്രീയ ചര്‍ച്ചകളോടെ ശരദ് പവാറോ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളോ പ്രതികരിച്ചിട്ടില്ല.