'നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും ഇത്രയും മോശമായ ഭക്ഷണം നൽകുമോ'? ഇന്ത്യൻ റെയിൽവേയോട് ചോദ്യവുമായി യുവതി

ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെങ്കിലും ഭക്ഷണം അതിദയനീയമാണെന്ന് നിരവധി പേർ പ്രതികരിച്ചു

Update: 2023-02-15 09:48 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ദീർഘദൂര യാത്രകൾ നടത്തുമ്പോൾ ട്രെയിനിൽ നിന്ന് പലപ്പോഴും ഭക്ഷണം കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയിലും ഗുണമേന്മയിലും എന്നും പരാതി ഉയരാറുണ്ട്. ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തെ കുറിച്ച് ഭൂമിക എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ച പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പരിപ്പ്, സബ്ജി, റൊട്ടി, ചോറ് എന്നിവ പാതി കഴിച്ചതിന്റെ ഫോട്ടോയോടൊപ്പമായിരുന്നു യുവതിയുടെ ട്വീറ്റ്. ഇന്ത്യൻ റെയിൽവെയെ ടാഗ് ചെയ്തായിരുന്നു യുവതി  ട്വീറ്റ് ചെയ്തത്.

'നിങ്ങൾ എപ്പോഴെങ്കിലും സ്വന്തം ഭക്ഷണം രുചിച്ചിട്ടുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ സ്വന്തം കുടുംബത്തിനും കുട്ടികൾക്കും ഇത്രയും മോശമായ രുചിയും ഗുണവുമുള്ള ഭക്ഷണം നൽകുമോ? തടവുകാർക്ക് ഭക്ഷണം പോലെയാണ് ഇത്. ടിക്കറ്റ് നിരക്കുകൾ അനുദിനം വർധിക്കുന്നു, പക്ഷേ നിങ്ങൾ ഉപഭോക്താക്കൾക്ക് എന്നും നൽകുന്നത് ഒട്ടും ഗുണനിലവാരമില്ലാത്ത ഭക്ഷണവും.' അവർ ട്വീറ്റ് ചെയ്തു.

'എന്നാൽ ഈ പോസ്റ്റ് ഒരു ഐആർസിടിസി ജീവനക്കാരെയും ലക്ഷ്യമിട്ടല്ലെന്നും അവർ പറയുന്നു. ഇത് ഫുഡ് വിതരണം ചെയ്യുന്ന ജീവനക്കാരുടെ തെറ്റുമല്ല ഇത്. അവർ അവരുടെ ജോലി ചെയ്യുന്നു. മോശമാണെന്ന് പറഞ്ഞതോടെ ഞങ്ങളുടെ പണം അവർ തിരികെ നൽകുകയും ചെയ്തു. ഭൂമിക ട്വീറ്റ് ചെയ്തു.

നിമിഷ നേരം കൊണ്ട് ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് സമാന അനുഭവങ്ങൾ ആ ട്വീറ്റിന് താഴെ പങ്കുവെച്ചത്. ട്രെയിനിൽ നിന്ന് ഭക്ഷണം കഴിക്കാതെ സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുകയാണെന്നും ചിലർ പറഞ്ഞു. ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെങ്കിലും അവരുടെ ഭക്ഷണം അതി ദയനീയമാണെന്ന് നിരവധി പേർ കമന്റ് ചെയ്തു.

വൃത്തിഹീനമായ ശുചിമുറിയും ഗുണനിലവാരമില്ലാത്ത ഭക്ഷണവും മടുത്തെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. തെരുവ് നായ്ക്കൾ പോലും ഇതിലും നല്ല ഭക്ഷണമാണ് കഴിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം, യുവതിയുടെ പരാതിയോട് ഇന്ത്യൻ റെയിൽവെ പ്രതികരിച്ചു. ദയവായി നിങ്ങളുടെ പിഎൻആറും മൊബൈൽ നമ്പറും ഡയറക്ട് മെസേജിൽ പങ്കുവെക്കണം എന്നായിരുന്നു ഐ.ആർ.ടി.സി യുവതിയോട് ആവശ്യപ്പെട്ടത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News