നീ എന്തിനാ ഇപ്പോള്‍ വന്നത്? പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ എം.എല്‍.എയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ

പൊലീസുകാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് അപ്രതീക്ഷിതമായിട്ടായിരുന്നു സ്ത്രീ സിംഗിന്‍റെ കരണത്തടിച്ചത്

Update: 2023-07-13 05:11 GMT
Editor : Jaisy Thomas | By : Web Desk

എം.എല്‍.എയുടെ മുഖത്തടിക്കുന്ന സ്ത്രീ

Advertising

ഗുഹ്ല: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന എം.എല്‍.എയുടെ മുഖത്തടിച്ച് സ്ത്രീ. ഹരിയാനയിലെ ഗുഹ്‍ലയിലാണ് സംഭവം. ജനനായക് ജനതാ പാർട്ടി (ജെജെപി) എം.എൽ.എ ഈശ്വർ സിംഗിനെയാണ് പ്രദേശവാസിയായ സ്ത്രീ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ അടിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

'നീ എന്തിനാ ഇപ്പോള്‍ വന്നത്'' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു സ്ത്രീയുടെ അടി. പൊലീസുകാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് അപ്രതീക്ഷിതമായിട്ടായിരുന്നു സ്ത്രീ സിംഗിന്‍റെ കരണത്തടിച്ചത്. യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സിംഗ് എഎൻഐയോട് പറഞ്ഞു. "ഞാൻ അവളോട് ക്ഷമിക്കാൻ തീരുമാനിച്ചു." എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

പേമാരി തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായി. കരകവിഞ്ഞൊഴുകുന്ന യമുന, മാർക്കണ്ഡ, താംഗ്രി നദികളും അഴുക്കുചാലുകളും ഈ ജില്ലകളിലെ സ്വത്തുക്കൾക്കും കൃഷിയിടങ്ങൾക്കും വൻ നാശമുണ്ടാക്കി.വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അംബാലയിൽ ഒരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചപ്പോൾ ജില്ലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ബുധനാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ബുധനാഴ്ച നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും അതത് ജില്ലകളിലെ സാമ്പത്തിക നഷ്ടം വിലയിരുത്താനും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച നിർദ്ധനരായ കുടുംബങ്ങളുടെ വീടുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്താനും ആവശ്യമായ മറ്റെല്ലാ സഹായങ്ങളും നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്ഥാനത്ത് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചതും ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിൽ നിന്നും വരുന്ന വെള്ളവും സ്ഥിതി വഷളാക്കിയതായി ഖട്ടർ പറഞ്ഞു. അംബാല, പഞ്ച്കുല, കുരുക്ഷേത്ര, കർണാൽ, യമുനാനഗർ, പാനിപ്പത്ത്, കൈതാൽ എന്നീ ഏഴ് ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News