യോഗി ഗംഗയില്‍ മുങ്ങിയില്ല, കാരണം... അഖിലേഷ് യാദവ് പറയുന്നതിങ്ങനെ
'ഗംഗയുടെ ശുദ്ധീകരണത്തിനെന്ന പേരില്‍ ബിജെപി കോടികൾ ചെലവഴിച്ചു'
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗയിൽ സ്നാനം നടത്താതിരുന്നത് നദിയിലെ മാലിന്യത്തെക്കുറിച്ച് ബോധ്യമുള്ളതിനാലാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഗംഗയുടെ ശുദ്ധീകരണത്തിനെന്ന പേരില്‍ ബിജെപി കോടികൾ ചെലവഴിച്ചു. എന്നാൽ യോഗി ആദിത്യനാഥിന് നദിയിലെ മാലിന്യം രൂക്ഷമാണെന്ന് അറിയാം. അതിനാലാണ് യോഗി ഗംഗയിൽ മുങ്ങാതിരുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഗംഗാ നദി എപ്പോഴാണ് ശുദ്ധീകരിക്കപ്പെടുകയെന്ന ചോദ്യമാണ് ഉയരുന്നത്. നദി ശുദ്ധീകരിക്കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു. എന്നാൽ ഗംഗാ നദി ഇനിയും മാലിന്യമുക്തമായിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
കാശി വിശ്വനാഥ ഇടനാഴിയുടെ ഉദ്ഘാടനത്തിനായി വരാണസിയിലെത്തിയ പ്രധാനന്ത്രി നരേന്ദ്ര മോദി ഗംഗയിലെ ലളിത് ഘാട്ടിൽ സ്നാനം ചെയ്തിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന് മുമ്പായിരുന്നു സ്നാനം.
മോദിയുടെ കാശി സന്ദർശനത്തെയും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു- 'ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്ര മോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകള്‍ ബനാറസില്‍ തങ്ങളുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു'- പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു.