ചാനലില്‍ നിന്നുള്ള വരുമാനം നിലച്ചു; ആളുകളെ കൊള്ളയടിക്കാനിറങ്ങി യുട്യൂബര്‍മാര്‍, പിടിയില്‍
എന്നാൽ, കുറ്റകൃത്യത്തിന് പിന്നിലെ സൂത്രധാരനെ ഇതുവരെ പിടികൂടാനായിട്ടില്ല
ഗോരഖ്പൂര്‍: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ആളുകളെ കൊള്ളയടിച്ചതിന് ഭോജ്പുരി ഡിസ്കോ ചാനലുമായി ബന്ധപ്പെട്ട യൂട്യൂബർമാരെ അറസ്റ്റ് ചെയ്തു. കവർച്ചയ്‌ക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ, 32-ബോർ റിവോൾവർ, ഒഴിഞ്ഞ കാട്രിഡ്ജുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.എന്നാൽ, കുറ്റകൃത്യത്തിന് പിന്നിലെ സൂത്രധാരനെ ഇതുവരെ പിടികൂടാനായിട്ടില്ല.
സോഷ്യൽ മീഡിയ വഴിയുണ്ടായ ജനപ്രീതി ചില യുവാക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭോജ്‌പുരി ഗാനങ്ങളും നൃത്ത പരിപാടികളുമാണ് ഭോജ്പുരി ഡിസ്കോ ചാനലില്‍ പ്രധാനമായും ഉള്‍പ്പെടുത്താറുള്ളത്. 800,000 ഫോളോവേഴ്സ് ചാനലിനുണ്ട്. മോണിടൈസേഷന്‍ ഉള്ള ചാനലായതുകൊണ്ട് തന്നെ നല്ല വരുമാനവും ഉണ്ടായിരുന്നു. എന്നാൽ യുട്യൂബിന്‍റെ നയങ്ങൾ പാലിക്കുന്നതിൽ ചാനലിന്‍റെ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതിനെ തുടർന്ന് ചാനലിന് പിഴ ചുമത്തുകയും വരുമാനം നിലക്കുകയും ചെയ്തു.
ചാനലിന് മാന്യമായ വരുമാനം ലഭിക്കാതെ വന്നതോടെ ചാനലുമായി ബന്ധമുള്ള ഒരുകൂട്ടം യുവാക്കൾ ആളുകളെ കൊള്ളയടിക്കാൻ തുടങ്ങി.ക്യാമറ ഓപ്പറേറ്റർമാരെ ഓൺലൈനിൽ ബുക്ക് ചെയ്ത ശേഷം അവരെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡിയോറിയത്തിലെ ഒരു ക്യാമറാമാനും വരാണസിയില്‍ നിന്നുള്ളയാളും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാര്‍ച്ച് 21നാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ആറ് മുതൽ ഏഴ് ലക്ഷം രൂപ വിലവരുന്ന ക്യാമറകളും ലെൻസുകളും ഇവര്‍ മോഷ്ടിച്ചു.
ഇരകൾ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ യൂട്യൂബ് ചാനൽ നടത്തുന്നവർക്കെതിരെ കേസെടുത്തതായി ഗോരഖ്പൂർ എസ്.എസ്.പി ഗൗരവ് ഗ്രോവർ പറഞ്ഞു.''ഖോറാബാർ പൊലീസിന്‍റെ നിരീക്ഷണത്തിന്റെ സഹായത്തോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ സൂത്രധാരൻ ഇപ്പോഴും കൈയെത്തും ദൂരത്താണ്," അദ്ദേഹം കൂട്ടിച്ചേർത്തു.