ഗൾഫിൽ ബോംബർ വിമാനങ്ങൾ വിന്യസിച്ച അമേരിക്കൻ നടപടി പ്രതിഷേധാർഹമെന്ന് ഇറാൻ
മേഖലയിലെ സാഹചര്യങ്ങൾ അയൽരാജ്യങ്ങളുമായി ചർച്ച ചെയ്തു; വിഷയം ജിസിസി ഉച്ചകോടിയിൽ ചർച്ചയായേക്കും
ഗൾഫിലെ അമേരിക്കൻ പടയൊരുക്കം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അയൽ രാജ്യങ്ങളെ ബോധ്യപ്പെടുത്തി ഇറാൻ. കുവൈത്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ സംസാരിച്ച ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ്, ബോംബർ വിമാനങ്ങൾ വിന്യസിച്ച അമേരിക്കൻ നടപടിയെയും വിമർശിച്ചു. ഈ മാസം അഞ്ചിന് സൗദിയിൽ ചേരുന്ന ജി.സി.സി ഉച്ചകോടി ഗൾഫ് സംഘർഷം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ആണവ മുങ്ങിക്കപ്പലിനു പുറമെ പുതുതായി രണ്ട് ബി 52 ബോംബർ വിമാനങ്ങളും അമേരിക്ക വിന്യസിച്ചതോടെ ഗൾഫിൽ സംഘർഷം വർധിച്ചിരിക്കുകയാണ്. ഏതു സാഹചര്യം നേരിടാനും സേനകൾ സജ്ജമാണെന്ന് അമേരിക്കയും ഇറാനും ഇതിനകം വ്യക്തമാക്കുകയും ചെയ്തു. ഇറാൻ മുൻ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയുടെ വധം നടന്നതിന്‍റെ ഒന്നാം വാർഷികമാണ് ഞായറാഴ്ച. വധത്തിന് ശക്തമായി പകരം ചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് യു.എസ് പടനീക്കം. മാരകമായ തിരിച്ചടിയാകും ഇറാൻ നടത്തുകയെന്ന് സൈനിക കമാണ്ടർ ഇസ്മാഈൽ ഗാനി അമേരിക്കക്ക് താക്കീത് നൽകി.
അതേസമയം യുദ്ധ സാഹചര്യം ആർക്കും ഗുണം ചെയ്യില്ലെന്ന് അയൽ രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിലാണ് ഇറാൻ. ഖത്തർ, കുവൈത്ത് വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. മേഖലയിലെ പ്രത്യാഘാതങ്ങൾക്ക് അമേരിക്ക മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജവാദ് ശരീഫ് വ്യക്തമാക്കി. തങ്ങൾക്കെതിരെ ഏതെങ്കിലും നിലക്കുള്ള ആക്രമണം ഉണ്ടായാൽ യു.എസിനും സഖ്യകക്ഷികൾക്കുമെതിരെ ആഞ്ഞടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടി പുതിയ സംഘർഷം അവസാനിപ്പിക്കാൻ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടേക്കും.