ജമാൽ ഖശോഗിയുടെ കൊലപാതകം: ഇന്‍റലിജൻസ് റിപ്പോർട്ട് തള്ളി അറബ് ലീഗും ഒഐസിസിയും
മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയെ തുർക്കി കോൺസുലേറ്റിൽ വെച്ച് കൊന്നത് സൗദി കിരീടാവകാശിയുടെ അറിവോടെയാണെന്നുള്ള ഇന്‍റലിജൻസ് റിപ്പോർട്ടാണ് യു.എസ് സംഘം പുറത്ത് വിട്ടത്.
മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ടിന് പിന്നാലെ സൗദിയോടുള്ള യു.എസ് നിലപാട് നാളെ പ്രഖ്യാപിക്കും. യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, സൗദി കിരീടാവകാശിയെ ലക്ഷ്യം വെച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് തെളിവുകളുടെ കണികയില്ലാത്തതാണെന്ന് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ വിമർശിച്ചു. വിവിധ ഗൾഫ് രാജ്യങ്ങൾ സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയെ തുർക്കി കോൺസുലേറ്റിൽ വെച്ച് കൊന്നത് സൗദി കിരീടാവകാശിയുടെ അറിവോടെയാണെന്നുള്ള ഇന്‍റലിജൻസ് റിപ്പോർട്ടാണ് യുഎസ് സംഘം പുറത്ത് വിട്ടത്. എന്നാൽ ഈ റിപ്പോർട്ടിലെ വാദങ്ങൾക്കൊന്നും തെളിവില്ലെന്ന് മുൻ യു.എസ് വിദേശകാര്യ മന്ത്രി മൈക് പോംപിയോ ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, ഇന്‍റലിജൻസ് വാദം കണക്കിലെടുത്ത് 76 സൗദി പൗരന്മാർക്കെതിരെ യു.എസ് ഉപരോധമേർപ്പെടുത്തി. സൗദി കിരീടാവകാശിയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ സൗദിയോടുള്ള നിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ അറിയച്ചത്. ഇറാനെതിരെ ഗൾഫ് മേഖലയിൽ നിലവിൽ സൗദിയുടെ പങ്കാളിയാണ് യുഎസ്. പ്രതിരോധ രംഗത്തും സഹകരണം ശക്തമാണ്. ഇതിനാൽ തന്നെ പെന്‍റഗണിന്‍റെ ഭാഗം കൂടി കണക്കിലെടുത്തുള്ള അഭിപ്രായ പ്രകടനമാകും നാളെയുണ്ടാകുക എന്നാണ് സൂചന.
യു.എസ് റിപ്പോട്ട് സൗദിയും ഒഐസിസിയും ജിസിസി കൗൺസിലും തള്ളിയിരുന്നു. ഖശോഗിയെ വധിച്ച സംഘം ഇക്കാര്യം മേധാവികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. കൃത്യത്തിൽ പങ്കാളികളായവരെ വധശിക്ഷക്കും സൗദി വിധിച്ചു. ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ മനുഷ്യവകാശ പ്രശ്നം ചൂണ്ടിക്കാട്ടി സൗദിയെ ലക്ഷ്യം വെക്കുന്നുണ്ട് യു.എസ്. കഴിഞ്ഞ മാസം യു.എസ് ബന്ധമുള്ള രണ്ട് തടവുകാരെ സൗദി വിട്ടയക്കുകയും ചെയ്തിരുന്നു. നാളെ സൗദിക്കെതിരെ യുഎസ് പ്രഖ്യാപിക്കുന്ന നിലപാട് ഇറാൻ അടക്കമുള്ള വിഷയങ്ങളിൽ സൗദിയുമായുള്ള സഹകരണം മാനിച്ചുകൊണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതോടെ സൗദി ഉൾപ്പെടെ പശ്ചിമേഷ്യയിലെ സഖ്യരാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യം. റിപ്പോർട്ട് പൂർണമായും തള്ളിയ സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ച് അറബ് ലീഗും മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒഐസിയും രംഗത്തു വന്നു.
സൗദിയുമായി അനൗപചാരിക നയതന്ത്ര ചർച്ചകൾ തുടരുന്നതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി. അതേസമയം പിന്നിട്ട നാലു വർഷങ്ങളിൽ നിന്ന് ഭിന്നമായ സമീപനമാകും സൗദിയുടെ കാര്യത്തിൽ ഇനി ഉണ്ടാവുകയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. സൗദി ഉൾപ്പെടെ അറബ് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള യു.എസ് നീക്കത്തിനെതിരെ അറബ് മാധ്യമങ്ങളും രംഗത്തുവന്നു. മേഖലയിൽ ഇറാന് ഗുണകരമാകുന്ന നടപടികളിൽ നിന്ന് ബൈഡൻ വിട്ടുനിൽക്കണം എന്നാണ് വിവിധ അറബ് മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്.