''എന്‍റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഹിച്ച്കോക്കിന്‍റെ ആ പുഞ്ചിരിയായിരുന്നു'': റമീസ് മുഹമ്മദ്
മലബാര്‍ സമര നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'സുല്‍ത്താന്‍ വാരിയംകുന്നന്‍'- പുസ്തകത്തിന്‍റെ രചയിതാവ് റമീസ് മുഹമ്മദ് പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം
(മലബാര്‍ സമര നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സുല്‍ത്താന്‍ വാരിയംകുന്നന്‍- പുസ്തകത്തിന്‍റെ രചയിതാവ് റമീസ് മുഹമ്മദ് പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം ആദ്യമായി ഈ പുസ്തകത്തിലൂടെയാണ് പുറത്തുവന്നത്. )
എന്‍റെ പുസ്തകമൊരു സ്വര്‍ണ നിറമുള്ള വര്‍ണകടലാസില്‍ പൊതിഞ്ഞു വെച്ചതു ഞാന്‍ കണ്ടു. ആ വര്‍ണകടലാസിന് പിന്നില്‍ എന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊരു ഭാഗമുണ്ട്. 24 വയസുമുതല്‍ 34 വയസുവരെയുള്ള എന്‍റെ ജീവിതകാലയളവിന് ഞാന്‍ നല്‍കുന്ന പേര് വാരിയംകുന്നന്‍ എന്നാണ്. പേഴ്ഷ്യൂട്ട് ഓഫ് ഹാപ്പിനെസ്സില്‍ പറയുന്നതു പോലെ 'ദിസ് പാര്‍ട്ട് ഓഫ് മൈ ലൈഫ് ഈസ് കോള്‍ഡ് വാരിയംകുന്നന്‍'. ഞാനിപ്പോഴും ആ ദിവസം ഓര്‍ക്കുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദ്യമായി വാരിയംകുന്നനെ വായിച്ച ദിവസം. ഇംഗ്ലണ്ടില്‍ മൈനസ് ഡിഗ്രി താപനിലയില്‍ അരിച്ചിറങ്ങുന്ന തണുപ്പിലും എന്‍റെ ചിന്തകള്‍ക്ക് ചൂട് പിടിച്ച ആ ദിവസം.
'വാരിയംകുന്നന്‍ ഒരു സമാന്തര ഭരണകൂടം സ്ഥാപിച്ചിരുന്നു. അങ്ങനെയൊന്ന് സ്ഥാപിച്ച ഒരേയൊരു ഇന്ത്യക്കാരന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മാത്രമായിരുന്നു'- എന്നതായിരുന്നു ആ ലേഖനത്തിലെ വരികള്‍. parellel government എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എനിക്ക് പക്ഷേ അതിന്‍റെ അര്‍ത്ഥം അറിയുമായിരുന്നില്ല. അതിന് മുമ്പ് സുഹൃത്ത് നഈമില്‍ നിന്നും കേട്ടിട്ടുണ്ട്, ഐ.വി ശശിയുടെ സിനിമയില്‍ കണ്ടിട്ടുണ്ട് എന്ന് മാത്രമേയുണ്ടായിരുന്നുള്ളു. ഞാനീ സംഭവം സുഹൃത്ത് നഈമിന് കാണിച്ചു, ''ഇങ്ങനെയൊരു സംഭവം നടന്നു എന്ന് പറയുന്നുണ്ടല്ലോ, അഞ്ചു മാസം ഭരിച്ചുവെന്ന്. സത്യമാണോ?''- നഈമിനോട് ചോദിച്ചു. അവന്‍ പറഞ്ഞു ആ പറഞ്ഞത് സത്യമാണ്.
പക്ഷേ എനിക്കാ കാര്യം അറിയില്ലായിരുന്നു. അത് വലിയൊരു ആകാംക്ഷയാണ് എന്നിലുണ്ടാക്കിയത്. സിനിമയോ പുസ്തകമോ അന്ന് ലക്ഷ്യമായിരുന്നില്ല. വെറും ആകാംക്ഷ. എന്തു കൊണ്ട് അങ്ങനെ തോന്നിയെന്ന് ചോദിച്ചാല്‍ ലോജിക്കലായ ഒരുത്തരവും എനിക്ക് നല്‍കാനില്ല. പക്ഷേ എനിക്ക് തോന്നി, ധീര നായകന്‍മാരെ ഇഷ്ടപ്പെടുന്നത് കൊണ്ട് അയാളെ കുറിച്ച് പഠിക്കണമെന്ന് തോന്നി. വല്ല പുസ്തകവും കിട്ടാനുണ്ടോയെന്ന് നോക്കി. വാരിയംകുന്നനെ കുറിച്ച് ഒറ്റ പുസ്തകവും ലഭ്യമല്ലെന്ന് അറിഞ്ഞു. മലബാര്‍ സമരത്തിനെ കുറിച്ചുള്ള പുസ്തകം അന്വേഷിച്ചു. രണ്ട് പുസ്തകങ്ങളാണ് അന്ന് വിപണിയില്‍ ലഭ്യമായിരുന്നത്. എം.പി. നാരായണ മേനോന്‍റെ ഒരു ബുക്കും മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്‍റെ ഒരു ബുക്കും. അത് വാങ്ങി വായിച്ചു. ആ പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ ഞാന്‍ തപ്പിയത് വാരിയംകുന്നനെ ആയിരുന്നു. അയാള്‍ ഓരോ വരികളിലും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു.
ഞാന്‍ നാട്ടിലെത്തി. ഗവേഷണം വളരെ സീരിയസായി തുടര്‍ന്നു. പഴയ കാല പുസ്തകങ്ങള്‍ ലൈബ്രറിയിലെ പഴയ കാല രേഖകള്‍ തപ്പിയെടുത്തു തുടങ്ങി. ഓരോ ദിവസവും ഓരോ വരികളിലും അദ്ദേഹം എന്നെ ഞെട്ടിച്ചു കൊണ്ടിരുന്നു. റിസര്‍ച്ച് മുന്നോട്ടു പോയികൊണ്ടിരുന്നു. ആദ്യം ഒറ്റക്കായിരുന്നു. പിന്നെ ആള് വന്നുതുടങ്ങി. ചില സുഹൃത്തുക്കളൊക്കെ സാമ്പത്തിക സഹായം നല്‍കി തുടങ്ങി. ഗവേഷണ ടീമിനെയുണ്ടാക്കി, ഒരു ഓഫീസ് സെറ്റപ്പുണ്ടാക്കി. റിസര്‍ച്ചില്‍ പല വിവരങ്ങളും കിട്ടികൊണ്ടിരുന്നു. ഇന്‍റര്‍നാഷണല്‍ ഫിഗറായ വാരിയംകുന്നനെ കിട്ടികൊണ്ടിരുന്നു. പക്ഷേ ഒരു നിരാശ ബാക്കിയായിരുന്നു. പല വിവരങ്ങളും കിട്ടുന്നുണ്ടായിരുന്നില്ല എന്നതാണ്. വാരിയംകുന്നന്‍റെ ഫോട്ടോ മറ്റു പല രേഖകള്‍ പല വിവരങ്ങളും ഒരുപാട് ഒരുപാട് ഡെഡ് എന്‍ഡുകള്‍. പല സ്ഥലത്തും പോവുമ്പോള്‍ ആ വിവരങ്ങള്‍ ലഭ്യമല്ല.
അന്ന് ഞാന്‍ ഹിച്ച്ക്കോക്കിന്‍റെ ആ നിശ്ശബ്ദമായ ആ വെല്ലുവിളി അറിഞ്ഞു. വാരിയംകുന്നന്‍റെ ജഡം അടങ്ങുന്ന പെട്ടി കത്തിച്ചുകളയുമ്പോ ഹിച്ച്ക്കോക്കിന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു..ആ പുഞ്ചിരിയില്‍ വാരിയംകുന്നന്‍റെ നാട്ടുകാരോടുള്ള വെല്ലുവിളിയുണ്ടായിരുന്നു.
ഈ മനുഷ്യനെപ്പറ്റിയുള്ള ഒരു വിവരവും ഒരു മനുഷ്യരും അറിയില്ല എന്നതായിരുന്നു ആ പുഞ്ചിരി..എന്‍റെ മുന്നിലെ ഏറ്റവുംവലിയ വെല്ലുവിളി ഹിച്ച്ക്കോക്കിന്‍റെ ആ പുഞ്ചിരിയായിരുന്നു..എന്‍റെ അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും ആ പുഞ്ചിരി എന്‍റെ തലക്ക് മുന്നില്‍ വാളുപോലെ നിന്നു. നിരാശനായി തലകുനിച്ച് പലസ്ഥലത്തും ഞാന്‍ നിന്നിട്ടുണ്ട്.
പക്ഷെ ആ വെല്ലുവിളിയ്ക്കും മുകളിൽ പടച്ചവനുണ്ടായിരുന്നു.
ഒരുനാള്‍ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുനീങ്ങി മാനം തെളിഞ്ഞ് പല രേഖകളും ഞങ്ങളെ തേടിവന്നു. വാരിയംകുന്നന്‍ അമേരിക്കയ്ക്ക് അയച്ച സന്ദേശം, വാരിയംകുന്നന്‍റെ കറന്‍സിയെ കുറിച്ച് ആസ്ട്രേലിയയില്‍ വന്ന വാര്‍ത്തകള്‍, വാരിയംകുന്നനെ കുറിച്ച് കാനഡയില്‍ വന്ന വാര്‍ത്തകള്‍, വാരിയംകുന്നനെ കുറിച്ച് ഫ്രഞ്ചില്‍ വന്ന ലേഖന പരമ്പരകള്‍...
ഒടുവില്‍ ഒരുനാള്‍ വാരിയംകുന്നന്‍റെ ആ ഫോട്ടോയും ഞങ്ങളെ തേടിയെത്തി. അതാണ് ഒരു പുസ്തകമായി ഇവിടെയിറങ്ങുന്നത്. ഒന്നും എന്‍റെ മാത്രം മിടുക്കാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറികുറുപ്പ് കണ്ടെത്തിയത് എ.കെ കോഡൂരായിരുന്നു. മാഞ്ചി അയമുട്ടിയും മായങ്ങോട്ട കണ്ണന്‍മാനെയും അഭിമുഖം ചെയ്ത് സംസാരിച്ചത് എ.കെ കോഡൂരും അലവി കക്കാടനുമാണ്. എം.പി നാരായണമേനോനെ ഇന്‍റര്‍വ്യൂ ചെയ്ത് സംസാരിച്ചത് എം.പി.എസ് മേനോനാണ്. വാരിയംകുന്നന്‍റെ ഫോട്ടോയും അത്യപൂര്‍വ രേഖകളും അടങ്ങുന്ന മാഗസിന്‍ കണ്ടെടുത്തത് എന്‍റെ സുഹൃത്തും റിസര്‍ച്ച് അംഗവുമായ അഷ്ക്കറാണ്. മലബാര്‍ സമര സിനിമയെ കുറിച്ച് വിവരങ്ങള്‍ കണ്ടെത്തിയത് ശിവദാസന്‍ സാറായിരുന്നു. ബ്രിട്ടീഷുകാരുടെ ടെലിഗ്രാം സന്ദേശങ്ങള്‍ കണ്ടെടുത്തത് അനസ് സാറാണ്. പാണ്ടിക്കാട് യുദ്ധത്തെ കുറിച്ച വിവരങ്ങള്‍ കണ്ടെത്തിയത് യൂസുഫലിക്കയാണ്. വാരിയംകുന്നന്‍റെ കോയമ്പത്തൂര്‍ കുടുംബത്തെ കുറിച്ച് കണ്ടെത്തിയത് ഇബ്രാഹീം സിപിയും ജാഫര്‍ക്കയുമാണ്. മറ്റു പല രേഖകളും കണ്ടെടുത്തത് ഗവേഷക ടീമിലെ മറ്റു പല അംഗങ്ങളുമാണ്. മരിച്ചുപോയെവരെയും ജീവിച്ചിരിക്കുന്നവരുമായ ഈ ആളുകളെയെല്ലാം കണ്ടെത്താന്‍ കഴിഞ്ഞു എന്നതുമാത്രമാണ് എന്‍റെ നേട്ടം. ഇവരുടെയെല്ലാം കണ്ടെത്തലുകളെ കലക്ട് ചെയ്ത് കൃത്യമായി ക്രോഡീകരിച്ച് വായനാനുഭവമൊരുക്കി രണ്ട് പുറംചട്ടക്കുള്ളിലാക്കുന്ന പണിമാത്രമേ ഞാനെടുത്തിട്ടുള്ളൂ. ഇതൊരു വിനയം പറച്ചിലൊന്നുമല്ല. ഇതാണ് സത്യം. അതാണ് ഇന്ന് പുസ്തകമായി ഇറങ്ങുന്നത്. അതിവിടെ പുസ്തകമായി ഇറങ്ങുമ്പോള്‍ എനിക്കൊരുപാട് പേരോട് നന്ദി പറയാനുണ്ട്.
ഇവിടെ ഈ സ്ഥലത്തു നിന്നും കുറച്ചു മാറി നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊന്നത്. വെടിവെച്ചു കൊന്ന ശേഷം അവര്‍ അദ്ദേഹത്തിന്‍റെ ജഡം കത്തിച്ചുകളഞ്ഞു. അദ്ദേഹത്തിന്‍റെ അഞ്ചുമാസത്തെ എല്ലാ ഭരണറെക്കോര്‍ഡുകളും ചരിത്രവും അവര്‍ കത്തിച്ചുകളഞ്ഞു. അതെല്ലാം ചാരമാക്കി ആ ചാരം അവര്‍ എടുത്തുകൊണ്ടു പോയി എവിടെയോ കളഞ്ഞു. ഏതോ കാറ്റില്‍പറത്തിയിരിക്കാം, ഏതോ നദിയില്‍ ഒഴുക്കിയിരിക്കാം. വാരിയംകുന്നന്‍റെ ചരിത്രം ഇല്ലാതാവുകയാണ് എന്ന് അവര്‍ കരുതി. ഓര്‍മ്മകള്‍ മായുകയാണ് എന്ന് അവര്‍ കരുതി. പക്ഷേ അവര്‍ അറിഞ്ഞില്ല ആ ചാരം അലിഞ്ഞുചേര്‍ന്നത് ഈ നാടിന്‍റെ വായുവിലാണ്, അത് അലിഞ്ഞു ചേര്‍ന്നത് ഈ നാടിന്‍റെ വെള്ളത്തിലാണ്. ആ വായുവാണ് ഈ നാട്ടിലെ ജനം ശ്വസിക്കുന്നത്. ആ വെള്ളമാണ് ഈ നാട്ടിലെ ജനം കുടിക്കുന്നത്. നൂറ് വര്‍ഷം മുമ്പ് ഹിച്ച്ക്കോക്ക് ഉയര്‍ത്തിയ വെല്ലുവിളിക്ക് നൂറ് വര്‍ഷത്തിനപ്പുറം ഈ നാട് ഉത്തരം നല്‍കുകയാണ്. നൂറ് വര്‍ഷം മുമ്പ് അയാള്‍ മറച്ചുവെച്ച മൂടി വെച്ച സത്യങ്ങള്‍ ഓരോ ദിവസവും അവര്‍ പുറത്തുകൊണ്ടുവരികയാണ്. വാരിയംകുന്നന്‍റെ പേര് ചരിത്രതാളുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാവരും ആ പാഠം പഠിക്കട്ടെ. ദുര്‍ബലമായ പുസ്തക താളുകളില്‍ നിന്നും നിങ്ങള്‍ വാരിയംകുന്നന്‍റെ പേര് നീക്കം ചെയ്യുമ്പോള്‍ ആ നാമം ജനഹൃദയങ്ങളില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെടുകയാണ്. വാരിയംകുന്നന്‍റെ എല്ലാ ആരാച്ചാര്‍മാരെക്കാളും വാരിയംകുന്നന്‍ ജീവിക്കും. അതിനാല്‍ വാരിയംകുന്നന്‍ എന്ന ധീരേതിഹാസത്തിന്‍റെ നാമം ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനും ചരിത്രത്തെ കളങ്കപ്പെടുത്താനും ശ്രമിച്ചുകൊണ്ട് വാരിയംകുന്നന്‍റെ നാട്ടുകാരെയും വാരിയംകുന്നനെ സ്നേഹിക്കുന്നവരെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷുക്കാര്‍ മുതല്‍ ഈ കാലഘട്ടത്തിലെ ബ്രിട്ടീഷുക്കാരുടെ ആരാധകര്‍ വരെയുള്ള മുഴുവനാളുകളോടും വാരിയംകുന്നന്‍റെ ഈ നാട്ടുകാരന് ഒന്നേ പറയാനുള്ളൂ.
Challenge accepted- വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു.