''പൊലീസിന് ഒരു ഭ്രാന്തുമില്ല, അവരുടെ ഇടപെടലിനെ കുറച്ച് കാണരുത്''; അട്ടപ്പാടി പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
പൊലീസിനെതിരെ അട്ടപ്പാടിയില്‍ നീക്കം ഉണ്ടായതായും പൊലീസിന് ഒരു ഭ്രാന്തുമില്ലെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പൊലീസ് എല്ലാവര്‍ക്കും എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടപ്പാടിയിൽ ആദിവാസി ഊരു മൂപ്പനെയും മകനെയും പോലീസ് മർദ്ദിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ച് രംഗത്തുവന്നത്. അപകടത്തില്‍പ്പെട്ടവരെ പ്രളയ കാലത്ത് സഹായിക്കുന്നതിന് പൊലീസ് മുന്നില്‍ നിന്നു. മഹാമാരി കാലത്ത് കഴിഞ്ഞ ഒന്നരവര്‍ഷ കാലമായി പൊലീസ് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. പ്രളയ കാലത്തും മറ്റു പ്രകൃതി ദുരന്ത സമയത്തുമെല്ലാം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊലീസ് മുന്‍നിരയില്‍ നിന്നു തന്നെ അവരെ സഹായിച്ചു. സ്വന്തം വീട് വെള്ളത്താല്‍ മുങ്ങപ്പെട്ടപ്പോള്‍ പോലും ഒരു പൊലീസുകാരന്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ ഇടപ്പെട്ടത് വാര്‍ത്തയായതാണ്. പൊലീസിന്‍റെ ഇടപെടലിനെ അങ്ങനെ കുറച്ച് കാണരുതെന്ന് മുഖ്യമന്ത്രി സഭയില്‍ സൂചിപ്പിച്ചു.
കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. പൊലീസിന്‍റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ക്കരുതെന്ന് പറയാനുള്ള ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും തനിക്കുണ്ട്. ഇത്തരം പ്രചാരവേലകള്‍ ശരിയാണോയെന്ന് സ്വയം വിമര്‍ശനാത്മകമായി പ്രതിപക്ഷം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അട്ടപ്പാടി സംഭവത്തില്‍ ഊരുമൂപ്പനും, മകനും അയൽവാസി കുറന്താ ചലത്തിനെ പരിക്കേൽപ്പിച്ചിരുന്നതായും പശുവിനെ മേയ്ക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് ഊരിലെ വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. തര്‍ക്കവുമായി ബന്ധപ്പെട്ട് ഊരുമൂപ്പനെയും മകനെയും അറസ്റ്റു ചെയ്യാന്‍ പൊലീസ് ശ്രമിച്ചെന്നും അതിനിടെയുണ്ടായ സംഘര്‍ഷമാണ് പിന്നീട് വിവാദമായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയൽവാസി കുറന്താ ചലത്തെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മറ്റു എട്ട് പേർക്കെതിരെയും കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ അട്ടപ്പാടിയില്‍ നീക്കം ഉണ്ടായതായും പൊലീസിന് ഒരു ഭ്രാന്തുമില്ലെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
അതിനിടയില്‍ ഇടത് സർക്കാരിന്‍റെ ആദിവാസി ദിനാചരണം ആദിവാസികളെ മർദ്ദിച്ചു കൊണ്ടാണ് നടത്തിയതെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് റിപ്പോർട്ട് അനുസരിച്ചാണെന്നും സംസ്ഥാനത്ത് പൊലീസ് അതിക്രമം ഏറിവരുന്നതായും മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ ആരോപിച്ചു. ഊരിൽ പൊലീസെത്തിയത് പുലർച്ചെയാണ്. സ്ത്രീകളെയടക്കം പൊലീസ് മർദ്ദിച്ചു. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഭീകരവാദികളെ പോലയാണ് പൊലീസ് ആദിവാസി ഊരിൽ എത്തിയത്. അവിടുത്തെ സി.പി.എം നേതൃത്വവുമായി ഊര് മൂപ്പന് പ്രശ്നം ഉണ്ടായിരുന്നതായും പാർട്ടിക്കാരുടെ നിർദേശ പ്രകാരമാണ് പൊലീസ് ഊരിൽ അതിക്രമം കാട്ടിയതെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
പൊലീസിന്‍റെ ഈ ആർജ്ജവം അർജുൻ ആയങ്കിയെ പിടിക്കാൻ ഇല്ലായിരുന്നുവെന്നും നാട്ടിൽ പൊലീസ് അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബലിതർപ്പണത്തിന് പോയ വിദ്യാർഥികൾക്ക് വരെ ഫൈൻ ഈടാക്കുന്നു. ഇപ്പോൾ ആദിവാസികൾക്ക് എതിരെ പൊലീസ് തിരിഞ്ഞിരിക്കുന്നതായും ആനയുടെ ആക്രമത്തെ ഭയക്കുന്ന ആദിവാസികൾ പൊലീസിനേയും ഭയക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീനാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്.