'ജിഫ്രി തങ്ങൾക്കെതിരായ ഭീഷണി അനുവദിക്കാനാവില്ല, കർശന നടപടി വേണം': കാന്തപുരം
''സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ഭീഷണിക്ക് കൂട്ടുനിൽക്കാനാവില്ല''
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഭീഷണി അനുവദിക്കാനാകില്ലെന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മഅ്ദിന്‍ സ്വലാത്ത് നഗറിലെ ആത്മീയ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം. സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ഭീഷണിക്ക് കൂട്ടുനിൽക്കാനാവില്ലെന്ന് കാന്തപുരം പറഞ്ഞു. സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറത്ത് ഒരു പരിപാടിക്കിടെ ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്.
'ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി എമ്മിന്‍റെ (ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാര്‍) അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം… പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്. ഞാന്‍ പറയാന്‍ പോകുകയാണ്… അങ്ങിനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍… ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍… എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി. ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ഞാന്‍ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങിനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ ചെയ്യട്ടെ' – പ്രസംഗത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്‍റ് സി.എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു.
അതേസമയം, ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ ജിഫ്രി തങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു.ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് പിന്നീട് പോയത്. വധഭീഷണിക്ക് പിന്നില്‍ മുസ്‌ലിം ലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവർ ലീഗിൽ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. അതെ സമയം ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണി ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്ന് ലീഗ് കുറ്റപ്പെടുത്തി.