ടീം പിണറായി 2.0: സിപിഎം മന്ത്രിമാരില്‍ 10 പുതുമുഖങ്ങള്‍, രണ്ടാമൂഴം കെ കെ ശൈലജക്ക് മാത്രം
രണ്ടാമൂഴം കെ കെ ശൈലയ്ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ.
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഒഴികെ ബാക്കിയുള്ള സിപിഎം മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കും. രണ്ടാമൂഴം കെ കെ ശൈലയ്ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ ധാരണ. അന്തിമ തീരുമാനം നാളെയുണ്ടാകും.
കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, വീണ ജോർജ്, കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവര്‍ മന്ത്രിമാരാകും. എം ബി രാജേഷിനെയും മന്ത്രിസ്ഥാനത്ത് പരിഗണിക്കുന്നുണ്ട്. പി എ മുഹമ്മദ് റിയാസും പരിഗണനയിലുണ്ട്. കോഴിക്കോട് നിന്ന് റിയാസ് അല്ലെങ്കില്‍ കാനത്തിൽ ജമീല മന്ത്രിയാകും.
കോട്ടയത്ത് നിന്ന് വി എൻ വാസവനും ആലപ്പുഴയിൽ നിന്ന് സജി ചെറിയാനോ പി പി ചിത്തരഞ്ജനോ മന്ത്രിയാകും. മലപ്പുറത്ത് നിന്ന് പി നന്ദകുമാറോ വി അബ്ദുറഹ്മാനോ മന്ത്രിയാകും.
സിപിഎമ്മിന് 12, സിപിഐക്ക് 4 മന്ത്രിമാര്‍
സിപിഎമ്മിന് 12ഉം സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനാണ്. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കാണ്. കേരള കോണ്‍ഗ്രസ് എം, ജെഡിഎസ്, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിമാരുണ്ടാകും.
ചില ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം നല്‍കുക. ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.