കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ കളമൊരുങ്ങുന്നു
അഞ്ച് വർഷം പൂർത്തിയായ ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ അറിയിച്ചു.
തിരുവനന്തപുരം: കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വർഷം പൂർത്തിയായ ജില്ലാ, മണ്ഡലം പ്രസിഡന്റുമാർക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസൻ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ സുരേന്ദ്രനും ഇതിലൂടെ അവസരം ലഭിക്കും.
അതേസമയം മുൻ ധാരണ തെറ്റിച്ചാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്ര വിരുദ്ധ ചേരി ആരോപിച്ചു. ഇന്നലെ രാത്രി ചേർന്ന ഓൺലൈൻ യോഗത്തിൽ നേതാക്കൾ എതിർപ്പ് അറിയിച്ചു. പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ് തുടങ്ങിയവരാണ് യോഗത്തിൽ എതിർപ്പറിയിച്ചത്. തർക്കത്തിനിടെ സുരേന്ദ്രൻ വിരുദ്ധ നേതാക്കൾ യോഗം ബഹിഷ്‌ക്കരിച്ചു.
സുരേന്ദ്രന് തുടരാൻ അവസരമൊരുങ്ങുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. അതേസമയം കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ കൂടെ നിൽക്കുന്നതിൽ ഇവർക്ക് ആശങ്കയുണ്ട്. എം.ടി രമേശിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു. അതിനിടെയാണ് സുരേന്ദ്രന് തുടരാൻ അവസരമൊരുങ്ങുന്ന രീതിയിൽ കേന്ദ്രം തീരുമാനമെടുത്തത്.